ഹൈദരാബാദ്: ഹൈദരാബാദിലെ ലിംഗംപള്ളി റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അമ്മയ്ക്ക് കൈമാറുകയും ചെയ്തു.
വികാരാബാദ് സ്വദേശിയായ മുഹമ്മദ് സുബൈർ, ഓട്ടോ ഡ്രൈവർ മുഹമ്മദ് ഇർഫാൻ, കൊൽക്കത്ത സ്വദേശികളായ റഹ്നുമ അലി, സീമ അലി, നാസിയ എന്നിവരാണ് അറസ്റ്റിലായത്.
ജൂൺ 30-ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കർണാടകയിലെ ബീദർ സ്വദേശിനിയും സർക്കസ് തൊഴിലാളിയുമായ യുവതി മാലൻ ബൗറവ് ശാന്ത ഭായിയുടെ ഒരു മാസം പ്രായമുള്ള കുഞ്ഞാണ് തട്ടിക്കൊണ്ടുപോയത്. റെയിൽവേ സ്റ്റേഷന് പുറത്തെ നടപ്പാതയിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുഞ്ഞിനെ പ്രതികൾ തട്ടിക്കൊണ്ടുപോയത്.
കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഉണർന്ന അമ്മ, ഓട്ടോറിക്ഷയിൽ കുഞ്ഞുമായി രണ്ട് പേർ രക്ഷപ്പെടുന്നത് കണ്ടെങ്കിലും പിന്തുടർന്നിട്ടും പിടികൂടാനായില്ല. തുടർന്ന് സൈബരാബാദ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് കമ്മിഷണർ എം. രമേഷിന്റെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. സൈബരാബാദ്, ഹൈദരാബാദ്, മൽകാജ്ഗിരി മേഖലകളിലെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 72 മണിക്കൂറിനകം അഞ്ചുപേരെയും പൊലീസ് പിടികൂടി.
കുട്ടികളില്ലാത്ത കൊൽക്കത്ത സ്വദേശിനിയായ റഹ്നുമ അലിക്കായി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയതാണെന്ന് പ്രതികൾ മൊഴി നൽകി. റഹ്നുമ അലിയും ബന്ധുവായ സീമ അലിയും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഇവരുടെ നിർദേശപ്രകാരമാണ് നാസിയ, മുഹമ്മദ് സുബൈറിനെയും മുഹമ്മദ് ഇർഫാനെയും സമീപിച്ചതെന്ന് പൊലീസ് അറിയിച്ചു.
കുഞ്ഞിനെ കൈമാറുന്നതിനായി ഒന്നര ലക്ഷം രൂപ മുഹമ്മദ് സുബൈറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈനായി കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി.
പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയും ജുവനൈൽ ജസ്റ്റിസ് നിയമവും പ്രകാരം കേസെടുത്തു. കുഞ്ഞ് സുരക്ഷിതയാണെന്നും അമ്മയെ ഏൽപ്പിച്ചതായും പൊലീസ് അറിയിച്ചു.











