മൂന്നാർ: മൂന്നാർ ടൗണിലെ സിഎസ്ഐ പള്ളിക്ക് സമീപം ഭൂമിയിൽ വലിയ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് കർശന ഗതാഗത നിയന്ത്രണം. കൊച്ചി– ധനുഷ്കോടി ദേശീയപാതയുടെ വീതികൂട്ടൽ പ്രവർത്തനങ്ങളാണ് വിള്ളലിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഈ വഴിയിലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി മൂന്നാർ ടൗണിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ ദേവികുളം റോഡിലേക്ക് തിരിച്ചുവിടുന്നുണ്ട്. ഇതുമൂലം മൂന്നാർ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. വിള്ളൽ കണ്ടെത്തിയ സ്ഥലത്തിന് സമീപം ജനവാസമുള്ള വീടുകളില്ലാത്തതിനാൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താനും അപകടസാധ്യത വിലയിരുത്താനുമായി വിദഗ്ധ സംഘം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.











