തിരുവനന്തപുരം: പാർട്ടി വിട്ട നേതാക്കളെ തിരിച്ചെടുക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയെ വിട്ടുപോയവർ പാർട്ടിയുടെ നിലപാടനുസരിച്ച് “വർഗവഞ്ചകർ” തന്നെയാണെന്നും, എന്നാൽ തെറ്റ് തിരുത്തി മടങ്ങിവരുന്നവരെ സ്വീകരിക്കുമെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊതുനയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“തെറ്റ് തിരുത്തിയാൽ ഈ ഭൂമുഖത്ത് ആരെയും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് സ്വീകരിക്കും. പാർട്ടിയെ വഞ്ചിച്ചതും ചതിച്ചതുമാണ് അവർ ചെയ്ത തെറ്റ്. അതിനെ പാർട്ടി ശക്തമായി വിമർശിച്ചിട്ടുണ്ട്. എന്നാൽ തെറ്റ് അംഗീകരിച്ച് തിരികെ വരാൻ തയ്യാറായാൽ പാർട്ടിയിലേക്ക് വരുന്നതിൽ തടസ്സമില്ല,” എന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
ഓരോ നേതാവും വിവിധ ചാനലുകളിൽ നടത്തുന്ന എല്ലാ പരാമർശങ്ങൾക്കും പ്രത്യേകം മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, തെറ്റ് തിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും ഉൾപ്പെടെയുള്ള നേതാക്കൾക്ക് പാർട്ടിയിലേക്ക് മടങ്ങിവരുന്നതിൽ തടസ്സമില്ലെന്നായിരുന്നു എം.വി. ജയരാജൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി. രാഘവനെയും കെ.ആർ. ഗൗരിയമ്മയെയും അവസാനകാലത്ത് പാർട്ടി സ്വീകരിച്ചിരുന്നുവെന്നും, നയപരമായ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ ആരെയും ശാശ്വതമായി ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മുൻകാലത്ത് പാർട്ടിക്ക് പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും എം.വി. ജയരാജൻ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ ഉണ്ടായ പോരായ്മയും തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായ ഘടകങ്ങളിലൊന്നായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് വിഷയത്തിൽ എം.വി. ഗോവിന്ദൻ പ്രതികരിച്ചത്.


