Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

AMMAയിലും അദാനി, ശ്വേത മേനോൻ മോദി ഭക്തയെന്ന് BJP; മലയാള സിനിമയിൽ സംഘപരിവാർ നുഴഞ്ഞുകയറ്റമോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദാനിക്കെന്ത് മലയാള സിനിമയിൽ കാര്യം? ഇത് അതിശയോക്തി നിറഞ്ഞൊരു ചോദ്യമല്ല. താരസംഘടനയായ അമ്മയ്ക്ക് വരെ അദാനി സംഭാവന നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നുകഴിഞ്ഞു. കുറച്ച് ദിവസങ്ങളായി അമ്മ സംഘടനയിൽ പൊട്ടിത്തെറികളുടെ പൂരമാണ്. അൻസിബയുടെ പരാതിയും ടിനി ടോം അടക്കമുള്ളവർ ആരോപണ മുനമ്പിൽ നിന്നതും സൂപ്പർ താരങ്ങളുടെ മൗനവും വർ​ഗീയ പരാമർശങ്ങളും സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ഒന്നിന് പുറകെ ഒന്നായി വന്നതിന് പിന്നാലെയാണ് ഭരണസമിതിയിലെ രാജികൾ. പ്രസിഡന്റ് ശ്വേത മേനോനും പിന്നാലെ ലക്ഷ്മിപ്രിയയും ജോയ് മാത്യുവും മല്ലിക സുകുമാരനും ജയൻ ചേർത്തലയുമെല്ലാം സംഘടനയിൽ നിന്ന് പോലും രാജിവെച്ചതോടെ പ്രശ്നങ്ങൾ തീരുമെന്ന് കരുതിയതാണ്. പക്ഷേ അതെല്ലാം പുതിയ പല നാടകങ്ങളുടേയും തുടക്കം മാത്രമായിരുന്നു.

താൻ രാജിവെച്ചിട്ടില്ലെന്ന് പറഞ്ഞ് ശ്വേത മേനോൻ വീണ്ടുമെത്തിയപ്പോൾ കൂടെ മറ്റ് ചില പുതിയ ആരോപണങ്ങളും തലപൊക്കി. അതിലൊന്നാണ് ശ്വേത മേനോൻ അടക്കമുള്ളവരുടെ രാഷ്ട്രീയ പശ്ചാത്തലവും അദാനിയുടെ പേരും മലയാള സിനിമയിലെ കാവിവൽക്കരണവും. ‘അമ്മ’ അദാനി ​ഗ്രൂപ്പിൽനിന്ന് ഫണ്ട് വാങ്ങിയത് സ്ഥിരവരുമാനമില്ലാത്ത കലാകാരന്മാരെ സഹായിക്കാനാണെന്ന പ്രസിഡന്റ് ശ്വേത മേനോന്റെ വാദം പക്ഷേ അധികമാരും വിശ്വസിച്ചിട്ടില്ല. അത്യവാശ്യം വരുമാനവും ആസ്തിയുമുള്ള സംഘടനയായ അമ്മയ്ക്ക് ഇങ്ങനെ ഒരു കോർപറേറ്റിന്റെ കയ്യിൽ നിന്നും പണം വാങ്ങണമോ എന്നതാണ് പ്രധാന ചോദ്യം.

നടി മാലാ പാർവതിയാണ് ഈ വിഷയം ഉയർത്തി മുന്നോട്ട് വന്നവരിൽ പ്രധാനി. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേരുകൾ മാത്രം മതി സംഘടനയ്ക്ക് പണമുണ്ടാക്കാനെന്ന് പറഞ്ഞ മാലാ പാർവതി, അവർ നടത്തുന്ന സ്റ്റേജ് ഷോകളിലൂടെ ആവശ്യത്തിന് വരുമാനം മുൻപ് ഉണ്ടാക്കിയിട്ടുണ്ട് എന്നും വെളിപ്പെടുത്തുന്നു. കുറച്ച് ആളുകൾക്ക് സാമ്പത്തിക ബുദ്ധിമുട്ടാണെന്ന് പറഞ്ഞ്, അദാനിയുടെയും അംബാനിയുടെയുമൊക്കെ പണം താൻ കൊണ്ടുവന്നെന്നും, അതിൽ യാതൊരു തെറ്റുമില്ല എന്നുമാണ് ശ്വേത മേനോൻ പറയുന്നത്. എന്നാൽ ആ പണം എടുത്ത് ഉപയോ​ഗിക്കുമ്പോൾ പണം തരുന്നവരുടെ അജണ്ടകൂടി നടപ്പാക്കുന്നുണ്ടോ എന്നതാണ് സംശയമെന്ന് മാലാ പാർവതി തുറന്നടിക്കുന്നുണ്ട്.

മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മുൻനിര താരങ്ങൾ സ്പോൺസർഷിപ്പ് പരിപാടികളിലൂടെയാണ് സംഘടനയിലെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഫണ്ട് കണ്ടെത്തുന്നത്. ഇതിനായി എത്തുന്ന സഹായങ്ങൾ ജാതിമത ഭേദമന്യേ സംഘടന സ്വീകരിക്കാറുണ്ട്. അതിന് അംമ്പാനിയെന്നോ അദാനിയെന്നോ നോക്കാറില്ല എന്നാണ് ശ്വേത മേനോൻ നൽകിയ വിശദീകരണം. ഒപ്പം താൻ പോരാടുന്നത് ഒരു പവർ ​ഗ്രൂപ്പിനെതിരെ ആണെന്നും പറയുന്നു. ഈ പണമാണ് ചിലർ അടിച്ചുമാറ്റിയതെന്ന് പറയുന്ന ശ്വേത ഇപ്പോഴും സംഘടനയിലെ സാമ്പത്തിക തിരിമറിയിലാണ് ഉറച്ച് നിൽക്കുന്നത്. ഉത്തരം മുട്ടുമ്പോൾ പവർ ​ഗ്രൂപ്പ്, സിനിമയോടൊപ്പം, സ്ത്രീയെ ആക്രമിക്കുന്നു തുടങ്ങിയ കാർഡുകൾ ഇറക്കുകയാണ് ശ്വേത ഇപ്പോൾ ചെയ്യുന്നതെന്ന മറുവാദവും ഉയരുന്നുണ്ട്.

ഇനി, കാവിവൽക്കരണത്തിലേക്ക് വന്നാൽ, കുറച്ച് ദിവസം മുമ്പ് സംവിധായകൻ കമൽ പറഞ്ഞ കാര്യങ്ങളും ചേർത്ത് വായിക്കാം. ‘ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാറിന്റെ സാന്നിധ്യം മലയാള സിനിമയിൽ ഉണ്ട്. ജാഗ്രതയോടെ ഇതിനെ കാണണം എന്നാണ് കമൽ മുന്നറിയിപ്പ് തന്നത്. ‘അമ്മ’യിൽ വർഗീയ ധ്രുവീകരണത്തിന് ശ്വേതാ മേനോൻ ശ്രമിച്ചെന്നും ബിജെപി അജണ്ട നടപ്പിലാക്കാൻ നോക്കിയെന്നുമുള്ള ഇപ്പോഴത്തെ ആരോപണങ്ങൾക്ക് കമൽ പറഞ്ഞതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതാണ് ഇനി പരിശോധിക്കേണ്ടത്. വർഗീയ ധ്രുവീകരണം നടത്താൻ ശ്വേത ശ്രമിച്ചു എന്നത് ആരോപണം അല്ല അനുഭവമാണെന്ന് പറഞ്ഞ മാലാ പാർവതി ബിജെപി മുൻ കൗൺസിലർ പത്മജയുടെ അഭിമുഖം എടുത്ത് കാണിക്കുകയും ചെയ്തു. സുരേഷ് ​ഗോപിയുടെ പേര് ചേർത്തും ആരോപണങ്ങൾ വരുന്നുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്വന്റി20-എൻഡിഎ സ്ഥാനാർത്ഥികളായി മത്സരിക്കാൻ താരങ്ങളെ ശ്വേത മേനോൻ സമീപിച്ചിരുന്നു എന്ന വാർത്തകൾ നേരത്തെ തന്നെയുള്ളതാണ്.

ഇതിന് ബിജെപി മറുപടിയുമായി ​രം​ഗത്തെത്തി എന്നതും ശ്രദ്ധേയമാണ്. ശ്വേത മേനോൻ ദേശീയവാദിയും മോദി ഭക്തയുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് സമ്മതിക്കുന്നുണ്ട്. എന്നാൽ ബിജെപിക്കാരിയല്ല. സിനിമ മേഖലയിൽ ബിജെപി ഇടപെടുന്നുവെന്നത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു. ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല. സിനിമയിൽ നിന്നിരുന്നെങ്കിൽ സുരേഷ് ഗോപിക്ക് കോടികൾ കിട്ടിയേനെ. പക്ഷേ ദേശീയതയിൽ വിശ്വസിക്കുന്നത് കൊണ്ടാണ് സുരേഷ് ഗോപി ബിജെപിയിൽ വന്നതെന്ന് പറഞ്ഞ അദ്ദേഹം ഇന്നസെന്റിന്റെ സിപിഎം ബന്ധവും അതിനായി ഉപയോ​ഗിക്കുന്നുണ്ട്. ഇന്നസെൻറ് അമ്മ പ്രസിഡൻറ് ആയപ്പോൾ സിപിഎം അമ്മ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും രമേഷ് പിഷാരടി അഡ്ഹോക്ക് കമ്മിറ്റിയുടെ തലവനായി വന്നപ്പോൾ കോൺ​ഗ്രസ് സംഘടന പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി പറഞ്ഞില്ലെന്നാണ് അതിന് പറയുന്ന ന്യായീകരണം.

ഒരു ചാരിറ്റബിൽ സൊസൈറ്റിക്ക് പണം വാങ്ങുന്നതിൽ നിയന്ത്രണങ്ങളുണ്ട്. ഇപ്പോഴത്തെ വിഴുപ്പലക്കലുകളെല്ലാം മലയാള സിനിമയ്ക്ക് മൊത്തത്തിൽ നാണക്കേടുണ്ടാക്കുന്നതാണ്. വീടെല്ലാം അലങ്കോലപ്പെട്ടിരിക്കുകയാണ്, അതുകൊണ്ട് തന്റെ കയ്യിൽ കണക്കൊന്നുമില്ലെന്നാണ് കുക്കു പരമേശ്വരൻ പറയുന്നത്. കണക്ക് ചോദിക്കുക എന്നത് ജനറൽ ബോഡിയുടെ അവകാശമാണ്. അതിൽ ​ഗൂഡാലോചനയാണെന്ന് ആരോപിക്കുന്നതിന് പിന്നിലെ ഔചിത്യവും ഒരു ചോദ്യമാണ്.

പരാതി ഉന്നയിച്ച അൻസിബ ഹസനെ തീവ്രവാദിയാക്കിയതും ജിഹാദിയെന്ന് വിളിച്ചതുമൊക്കെ പുതിയ ആരോപണങ്ങളോട് ചേർത്ത് വായിക്കേണ്ടവയാണ്. എന്നാൽ, അൻസിബയുടെ പിന്നിൽ മതതീവ്രവാദികളുണ്ടെന്ന് ലക്ഷ്മിപ്രിയ വാർത്താസമ്മേളനം വിളിച്ച് പറഞ്ഞതും പലരോടും അൻസിബ മതപരിവർത്തനത്തിന് ശ്രമിച്ചു എന്നെല്ലാം പറഞ്ഞു നടന്നതും ആർക്കുവേണ്ടിയാണ് എന്ന ചോദ്യത്തിന് മറുപടി പറയാൻ അവർ ബാധ്യസ്ഥരാണ്. നരേറ്റീവുകൾ സൃഷ്ടിച്ച് മലയാളത്തിലേക്കും സംഘപരിവാർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിന്റെ ഭാ​ഗമാണോ ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് ചിലർ സംശയം പ്രകടിപ്പിച്ചാൽ തെറ്റ് പറയാനാകുമോ? എന്തായാലും അമ്മ സംഘടനയെ മൊത്തമായി ഉടച്ചുവാർക്കേണ്ട സമയം അതിക്രമിച്ചു എന്ന് മാത്രം ഇപ്പോൾ പറഞ്ഞുവെക്കാം.

Advertisement
WhiteswanTV Footer