ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് വൻ ജനത്തിരക്ക് ഉണ്ടാകുമെന്ന ആശങ്കയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി അധികൃതർ. ചടങ്ങുകൾക്കിടെ അപകടസാധ്യത കണക്കിലെടുത്ത് അടിയന്തര തയ്യാറെടുപ്പുകൾ നടത്തിയതായി ജർമ്മൻ മാധ്യമമായ ഡി വെൽറ്റ് റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ഇറാനിയൻ റെഡ് ക്രസന്റും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും അപകടസാധ്യതയെക്കുറിച്ച് സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടമുണ്ടായാൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്യാനും കാണാതാകുന്നവരെ കണ്ടെത്താനും പ്രത്യേക സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്.
ടെഹ്റാനിലെ ബെഹെഷ്ത്-ഇ സഹ്ര ഖബർസ്ഥാനിൽ പുതിയ കല്ലറകൾ ഒരുക്കിയതായും റിപ്പോർട്ടിൽ പറയുന്നു. കടുത്ത ചൂടും വലിയ ജനക്കൂട്ടവും കാരണം സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിരിക്കുകയാണ്.
ചടങ്ങുകൾക്കായി വലിയ തുകയാണ് സർക്കാർ ചെലവഴിക്കുന്നത്. ടെഹ്റാൻ, ഖൊം, മഷ്ഹദ് എന്നിവിടങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജനങ്ങൾക്ക് താമസിക്കാൻ സ്കൂളുകളും പള്ളികളും താൽക്കാലിക ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്. ഗതാഗതത്തിനായി ആയിരക്കണക്കിന് ബസുകളും വിന്യസിച്ചിട്ടുണ്ട്.
ഇറാനിൽ മുമ്പും പ്രമുഖ നേതാക്കളുടെ ശവസംസ്കാര ചടങ്ങുകൾക്കിടെ ജനത്തിരക്ക് മൂലം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ ഇത്തവണ സുരക്ഷാ സംവിധാനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിയിരിക്കുകയാണ്.


