കൊച്ചി: അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ സീനിയർ ഗവൺമെന്റ് പ്ലീഡറായിരുന്ന അഡ്വ. എം.വി. വിപിൻ രാജിവെച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് രാജിയെന്നാണ് വിവരം. രാജി നിയമവകുപ്പ് അംഗീകരിച്ചു.
എം.വി. വിപിന് സിപിഎം ബന്ധമുണ്ടെന്ന് ആരോപിച്ച് ലോയേഴ്സ് കോൺഗ്രസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. കളമശ്ശേരിയിൽ മന്ത്രി പി. രാജീവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എം.വി. വിപിൻ പങ്കെടുത്തെന്ന ആരോപണമാണ് പരാതിയിലെ പ്രധാന വിഷയം. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഹൈക്കോടതിയിലെ രണ്ടാമത്തെ രാജിയാണിത്.
അതേസമയം, സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിതയായ പി. ദീപ്തിയും സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിതനായ ജോൺ വർഗീസും ഇതുവരെ ചുമതലയേറ്റിട്ടില്ല. പി. ദീപ്തിക്ക് സിപിഐ ബന്ധമുണ്ടെന്ന ആരോപണവും വിവാദമായിരുന്നു.
നേരത്തെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിതനായ കെ.ബി. പ്രദീപും രാജിവെച്ചിരുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട കേസുകളിൽ അഭിഭാഷകനായിരുന്ന പ്രദീപിന്റെ നിയമനം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കാതെയാണ് നിയമനം നടത്തിയതെന്ന വിമർശനവും ഉയർന്നിരുന്നു.
ഹൈക്കോടതിയിലെ അഭിഭാഷക നിയമനങ്ങളെ ചൊല്ലി ലോയേഴ്സ് കോൺഗ്രസ് തുടർച്ചയായി വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടിയുമായി ബന്ധമില്ലാത്തവരെ നിയമിക്കുന്നുവെന്നാരോപിച്ച് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാൻ കെപിസിസി അധ്യക്ഷന് പരാതി നൽകിയിരുന്നു. കോൺഗ്രസ് അഭിഭാഷകർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും വ്യക്തിപരമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങൾ നടക്കുന്നതെന്നുമായിരുന്നു പരാതിയിലെ ആരോപണം. ലോയേഴ്സ് കോൺഗ്രസിലെ അംഗങ്ങൾക്ക് മുൻഗണന നൽകണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.











