ദുബായ്: ദുബായ് ശൈഖ് സായിദ് റോഡിലെ റെസ്റ്റോറന്റിൽ തിങ്കളാഴ്ച രാവിലെ തീപിടിത്തമുണ്ടായി. മൂന്ന് മണിക്കൂറിലധികം നീണ്ട അഗ്നിശമന പ്രവർത്തനത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. രാവിലെ 7.42-നാണ് ദുബായ് സിവിൽ ഡിഫൻസിന് തീപിടിത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് അൽ ഇത്തിഹാദ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി. വെറും ആറ് മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തനം ആരംഭിക്കാനായതായും അധികൃതർ അറിയിച്ചു.
മുൻകരുതൽ നടപടിയുടെ ഭാഗമായി കെട്ടിടത്തിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. രാവിലെ 10.50-ഓടെ തീ പൂർണമായും അണച്ചതായി ഇൻസിഡന്റ് കമാൻഡർ അറിയിച്ചു. നിലവിൽ സ്ഥലത്ത് കൂളിംഗ് പ്രവർത്തനങ്ങൾ തുടരുകയാണ്. തീ വീണ്ടും പടരാതിരിക്കാനാണ് ഈ നടപടികൾ സ്വീകരിക്കുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് സിവിൽ ഡിഫൻസ് വ്യക്തമാക്കി. കൂളിംഗ് പ്രവർത്തനങ്ങൾ പൂർത്തിയായ ശേഷം തുടർ അന്വേഷണത്തിനും നിയമനടപടികൾക്കുമായി സ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറും.


