പാലക്കാട്: സിഎംപിയും പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള ഡിഎംഎഫും (ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട്) തമ്മിലുള്ള ഈ മാസം 17-ന് ഔദ്യോഗികമായി ലയിക്കും. തൃശ്ശൂരിൽ നടക്കുന്ന ചടങ്ങിലാണ് ലയന പ്രഖ്യാപനം. ലയനത്തിന് പിന്നാലെ പി.കെ. ശശിയെ സിഎംപിയുടെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി പ്രഖ്യാപിക്കുമെന്ന് സിഎംപി ജനറൽ സെക്രട്ടറിയും മന്ത്രിയുമായ സി.പി. ജോൺ അറിയിച്ചു.
ഡിഎംഎഫിന്റെ സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച പാലക്കാട്ടെ നയപ്രഖ്യാപന കൺവെൻഷനിലായിരുന്നു ലയന തീയതി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ പി.കെ. ശശിയുമായി ലയനത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നുവെന്നും സി.പി. ജോൺ വ്യക്തമാക്കി. ഡിഎംഎഫ് പ്രവർത്തകരെ സി.എം.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവും സി.പി. ജോൺ ഉന്നയിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിച്ച സിപിഐഎമ്മിനുള്ള മറുപടിയാണ് ഈ രാഷ്ട്രീയ നീക്കമെന്നും, കമ്മ്യൂണിസ്റ്റ് ആശയം പറയുമ്പോഴും ഫാസിസ്റ്റ് സ്വഭാവം കാണിക്കുന്നവർക്കെതിരെയാണ് സി.എം.പി നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, സിപിഐഎമ്മിനെതിരെ പി.കെ. ശശിയും ശക്തമായ വിമർശനവുമായി രംഗത്തെത്തി. ഡിഎംഎഫ് ഉൾപ്പെടുന്ന പുതിയ ഇടത് പ്ലാറ്റ്‌ഫോമാണ് കേരളത്തിലെ യഥാർഥ ഇടതുപക്ഷമാകുകയെന്നും, സിപിഐഎം കനത്ത തിരിച്ചടിയിലാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും നേതൃത്വത്തിന്റെ സമീപനവുമാണ് സിപിഐഎമ്മിന്റെ തകർച്ചയ്ക്ക് കാരണമായതെന്നും ശശി ആരോപിച്ചു.
സിപിഐഎം നേതൃത്വവുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെയും അച്ചടക്ക നടപടികളെയും തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ശേഷമാണ് പി.കെ. ശശിയുടെ നേതൃത്വത്തിൽ ഡിഎംഎഫ് രൂപീകരിച്ചത്. യഥാർഥ ഇടതുപക്ഷ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ ബദൽ സൃഷ്ടിക്കുകയാണ് ഡിഎംഎഫിന്റെ ലക്ഷ്യമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.











