കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ മുഖ്യപ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ദുൽഖിഫിൽ വടകര റൂറൽ എസ്.പി. മെറിൻ ജോസഫിന് പരാതി നൽകിയത്.
ജാമ്യം ലഭിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങൾ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) വെല്ലുവിളിക്കുന്നതുമാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച സാഹചര്യത്തിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിൻ ഭാസ്‌കർ ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണമാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്. താൻ കുറഞ്ഞത് പത്ത് പേർക്കെങ്കിലും വിവാദ കാഫിർ സ്‌ക്രീൻഷോട്ട് അയച്ചതായി തെളിയിക്കാൻ കഴിയുമോയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് ഇതുവരെ കൂടുതൽ പ്രതികരിക്കാതിരുന്നതെന്നും ജിതിൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിന് അനുകൂലമായ പ്രചാരണ സന്ദേശങ്ങൾ തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെ പങ്കുവെച്ചിരുന്നുവെന്നും, ആ ഗ്രൂപ്പിൽ കോൺഗ്രസ് പ്രവർത്തകരടക്കം ഏകദേശം 250 പേർ ഉണ്ടായിരുന്നുവെന്നും ജിതിൻ അവകാശപ്പെട്ടു. താൻ 200 പേർക്കാണ് സന്ദേശങ്ങൾ കൈമാറിയതെന്ന ആരോപണം ഉയരുന്നുണ്ടെങ്കിലും, കാഫിർ സ്‌ക്രീൻഷോട്ട് പത്ത് പേർക്കെങ്കിലും അയച്ചതിന് തെളിവ് ഹാജരാക്കാനാകുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അത്തരമൊരു തെളിവ് ഉണ്ടെങ്കിൽ സ്‌ക്രീൻഷോട്ടിന് പിന്നിൽ താനാണെന്ന് അംഗീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജാമ്യത്തിൽ പുറത്തിറങ്ങിയ ജിതിന് സിപിഐഎം പ്രവർത്തകർ ജയിലിന് പുറത്ത് സ്വീകരണം നൽകിയതും നേരത്തെ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.
ഇതിനിടെ, കേസിലെ റിമാൻഡ് റിപ്പോർട്ടിലും ഗുരുതരമായ പരാമർശങ്ങളുണ്ട്. പ്രധാന തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ജിതിൻ ഭാസ്‌കർ തന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതിനാൽ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഡാറ്റ വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടുതൽ പരിശോധനയ്ക്കായി ഫോൺ സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിലേക്ക് അയയ്ക്കണമെന്നും അന്വേഷണസംഘം ശുപാർശ ചെയ്തിട്ടുണ്ട്.
റിമാൻഡ് റിപ്പോർട്ട് പ്രകാരം, തെളിവ് നശിപ്പിക്കാനുള്ള ശ്രമം ജിതിൻ ഭാസ്‌കറിന്റെ ഭാഗത്തുനിന്നുണ്ടായതായും, വിവാദ കാഫിർ സ്‌ക്രീൻഷോട്ട് ജിതിൻ ഭാസ്‌കറോ അദ്ദേഹത്തിന്റെ സഹായിയോ നിർമിച്ചിരിക്കാമെന്ന സംശയവും അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണ്.











