കൊല്ലം: ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 27കാരി മരിച്ചു. കാർ യാത്രികയായ കൊടുമൺ നിലമേൽ മേലതിൽ രാജന്റെ ഭാര്യ അമൃതയാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ഇവരിൽ രണ്ടുവയസുകാരിയുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
അപകടത്തിൽ അമൃതയുടെ ഭർതൃമാതാവ് പത്മാവതി (60), അർച്ചന (24), അമൃതയുടെ മകൾ മിലോനി (2), കാർ ഡ്രൈവറായ സാംസൺ (29) എന്നിവർക്ക് പരിക്കേറ്റു. ഇവരെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിലോനിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം.
ബസിലുണ്ടായിരുന്ന യാത്രക്കാരായ ലീലാമണി (50), പൂജ ബിജു (18), പത്മകുമാരി (50), ഷൈജ ബീഗം (44), നജീബ് (65), രജനി (34) എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് ആറുമണിയോടെ ഓച്ചിറ–ആയിരംതെങ്ങ് റോഡിൽ പ്രയാർ പാലത്തിന് സമീപത്തായിരുന്നു അപകടം. ഓച്ചിറയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിലേക്ക് അഴീക്കൽ ഭാഗത്ത് നിന്ന് എത്തിയ സ്വിഫ്റ്റ് കാർ ഇടിച്ചുകയറുകയായിരുന്നു.
അമൃതയുടെ മൃതദേഹം ഓച്ചിറയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.












