മലപ്പുറം: വിരിപ്പാടത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കാരാട് സെക്ഷൻ ഓഫീസിലെ ലൈൻമാനായ സുരേഷ് ബാബുവാണ് അപകടത്തിൽ മരിച്ചത്. വിരിപ്പാടം ഇടശ്ശരിക്കോളിൽ ലൈൻ അഴിച്ചുമാറ്റുന്നതിനിടെയാണ് ദാരുണ അപകടമുണ്ടായത്.
ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒരുവശത്തേക്ക് ചെരിഞ്ഞ് സമീപത്തെ മതിലിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. പോസ്റ്റിനടിയിൽപ്പെട്ട സുരേഷ് ബാബുവിനെ സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉടൻ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.













