ജമ്മു: 26 പേരുടെ ജീവൻ നഷ്ടപ്പെട്ട പഹൽഗാം ഭീകരാക്രമണക്കേസിൽ ലഷ്‌കർ-ഇ-ത്വയ്ബ മേധാവി ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനായി പ്രതിചേർത്ത് ദേശീയ അന്വേഷണ ഏജൻസി (NIA) കുറ്റപത്രം സമർപ്പിച്ചു.
ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിലാണ് 1,597 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ആക്രമണം പാകിസ്ഥാനിൽ നിന്നാണ് ഹാഫിസ് സയീദ് ആസൂത്രണം ചെയ്തതെന്നും, അത് നേരിട്ട് നിരീക്ഷിച്ചുവെന്നും എൻഐഎ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ലഷ്‌കർ-ഇ-ത്വയ്ബയുടെയും അതിന്റെ അനുബന്ധ സംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (TRF) യുടെയും നേതൃത്വത്തിലൂടെയാണ് ആക്രമണം നടന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന എന്നിവ ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് ഹാഫിസ് സയീദിനെതിരെ ചുമത്തിയിരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന ശാസ്ത്രീയവും ഫോറൻസിക് തെളിവുകളും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് എൻഐഎ അറിയിച്ചു.
2025 ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൺ താഴ്വരയിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ വെടിവെപ്പിലാണ് 26 പേർ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും എൻഐഎ വ്യക്തമാക്കി.












