തൃശൂർ: സ്വന്തം മക്കൾക്ക് എലിവിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ചികിത്സയിലായിരുന്ന പ്രതി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പെരുമ്പിലാവ് ആനക്കല്ലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി മുത്തുവാണ് ചൊവ്വാഴ്ച ഉച്ചയോടെ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.
ആറ് വയസ്സുള്ള മകൾ റിഥികയ്ക്കും ഏഴ് വയസ്സുള്ള മകൻ റിഥിനും എലിവിഷം നൽകിയശേഷം മുത്തു സ്വയം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഇയാളെ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസ് കാവലിൽ പാർപ്പിക്കുകയും ചെയ്തിരുന്നു.
ചികിത്സയിലിരിക്കെ പൊലീസ് നിരീക്ഷണത്തിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അതേസമയം, വിഷം നൽകിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റിഥികയും റിഥിനും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.











