കൊച്ചി: താരസംഘടനയായ A.M.M.Aയുടെ പ്രാഥമിക അംഗത്വം രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. സംഘടനയുമായി ബന്ധപ്പെട്ട് നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജിയെന്ന് ഇരുവരും വ്യക്തമാക്കി. ഏകദേശം ഒരു ദശാബ്ദക്കാലമായി തങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ നടപ്പാകാത്തതിലുള്ള നിരാശയാണ് രാജിക്ക് പിന്നിലെന്നാണ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയത്.
സുരക്ഷിതമായ തൊഴിലിടം, അന്തസ്സോടെയുള്ള പെരുമാറ്റം, ഉത്തരവാദിത്തബോധം, തുല്യപരിഗണന എന്നിവയായിരുന്നു തങ്ങൾ ആവശ്യപ്പെട്ട അടിസ്ഥാന മൂല്യങ്ങളെന്ന് രേവതിയും പത്മപ്രിയയും ചൂണ്ടിക്കാട്ടി. എന്നാൽ ഇതിന് ലഭിച്ച മറുപടി മൗനവും അകൽച്ചയുമായിരുന്നു. സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഒരുകാലത്ത് സ്വന്തം വീടെന്ന് കരുതിയ ഇടങ്ങളിൽ നിന്നുമെല്ലാം അകലം അനുഭവപ്പെട്ടെന്നും ഇരുവരും വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുണ്ടായ രാജികൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നുവെന്നും ഇരുവരും വിമർശിച്ചു. പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാര ഘടനകളും വീണ്ടും തിരിച്ചെത്തിയെന്നും അസമത്വത്തിന്റെ ഘടനകൾ മാറ്റമില്ലാതെ തുടരുകയാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.
എല്ലാവരെയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണ് A.M.M.A രൂപീകരിച്ചതെന്നും എന്നാൽ പുരുഷാധിപത്യവും അധികാര മോഹവും സംഘടനയെ സ്ഥാപക ലക്ഷ്യങ്ങളിൽ നിന്ന് അകറ്റിയെന്നും രേവതിയും പത്മപ്രിയയും കുറ്റപ്പെടുത്തി. സംഘടനയിൽ നിന്നുള്ള പടിയിറക്കം പിന്മാറ്റമല്ലെന്നും ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്നും ഇരുവരും വ്യക്തമാക്കി.
മലയാള സിനിമാ മേഖല സ്ത്രീകൾക്ക് സുരക്ഷിതവും നീതിയുക്തവുമായ തൊഴിലിടമായി മാറുമെന്ന പ്രതീക്ഷ തങ്ങൾക്കുണ്ടെന്നും, മികച്ച സിനിമാ പ്രവർത്തനങ്ങൾക്കായി യാത്ര തുടരുമെന്നും നടിമാർ അറിയിച്ചു. സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികളല്ല, വിശ്വാസ്യതയാണെന്ന നിലപാടോടെയാണ് രാജി പ്രഖ്യാപനം അവസാനിപ്പിച്ചത്.


