എറണാകുളം: കുട്ടമ്പുഴയിൽ ജനവാസ മേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെത്തിച്ച് കാട്ടിലേക്ക് വിട്ടു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് വനമേഖലയോട് ചേർന്ന പ്രദേശത്തെ കിണറ്റിൽ ആന വീണത്. വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗത്തെ മണ്ണ് നീക്കി ആനയ്ക്ക് പുറത്തേക്ക് കയറാൻ വഴിയൊരുക്കി. ഇതിലൂടെയാണ് ആന സുരക്ഷിതമായി കരയിലെത്തിയത്. കിണറ്റിൽ വീണതിനെ തുടർന്ന് ആനയുടെ തുമ്പിക്കൈയ്ക്ക് ചെറിയ പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎഫ്ഒ അറിയിച്ചു.
ആനയെ കാട്ടിലേക്ക് വിടാതെ കോടനാട്ടേക്ക് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ ചർച്ചയ്ക്കൊടുവിൽ ആനയെ കാട്ടിലേക്ക് തന്നെ വിടാൻ തീരുമാനിക്കുകയായിരുന്നു.
ആനയെ കാട്ടിലേക്ക് വിട്ടെങ്കിലും അതിന്റെ ചലനങ്ങൾ വനംവകുപ്പ് നിരീക്ഷിക്കും. ഇതിനായി ഡ്രോൺ ഉപയോഗിക്കുന്നതോടൊപ്പം നാല് വനംവകുപ്പ് ഉദ്യോഗസ്ഥരെയും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ആന വീണ്ടും ജനവാസ മേഖലയിലേക്ക് എത്തുകയാണെങ്കിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.











