കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ, അൽ-മുത്‌ല മേഖലകളിൽ നടത്തിയ പ്രത്യേക സുരക്ഷാ പരിശോധനകളിൽ മദ്യവും കഞ്ചാവും പിടിച്ചെടുത്തു. സംഭവങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാല് പ്രവാസികളെ നാടുകടത്താൻ കുവൈത്ത് അധികൃതർ ഉത്തരവിട്ടു.
സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫർവാനിയയിൽ നടത്തിയ പരിശോധനയിൽ ഏഴ് കുപ്പി പ്രാദേശിക മദ്യവുമായി രണ്ട് പ്രവാസികളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. തുടർന്ന് അൽ-മുത്‌ലയിൽ നടത്തിയ മറ്റൊരു പരിശോധനയിൽ രണ്ട് പാക്കറ്റ് കഞ്ചാവുമായി മറ്റ് രണ്ട് പ്രവാസികളെയും സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
പിടിയിലായ നാല് പേരെയും തുടർനടപടികൾക്കായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. വിശദമായ അന്വേഷണത്തിൽ ഇവർ ലഹരിമരുന്ന് കടത്തുകാരോ വിതരണക്കാരോ അല്ലെന്നും, സ്വന്തം ആവശ്യത്തിനായി ലഹരി ഉപയോഗിച്ചിരുന്നവരാണെന്നും കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാതെ പ്രതികളെ നേരിട്ട് നാടുകടത്താനാണ് അധികൃതർ തീരുമാനിച്ചത്. നാടുകടത്തപ്പെടുന്ന നാല് പേരുടെയും പേരുകൾ കുവൈത്തിന്റെ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും.
ഇതോടെ ഇവർക്ക് ഭാവിയിൽ കുവൈത്തിലേക്കും മറ്റ് ഗൾഫ് സഹകരണ കൗൺസിൽ (GCC) അംഗരാജ്യങ്ങളിലേക്കും പ്രവേശിക്കുന്നതിന് ദീർഘകാല വിലക്ക് നേരിടേണ്ടി വരാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ.




