ന്യൂഡൽഹി: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണെന്ന് വയനാട് എം.പി. പ്രിയങ്ക ഗാന്ധി. രക്ഷാപ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ്, എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവർ സ്ഥലത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
ദുരന്തവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടവരുമായും സംസാരിച്ചിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു. അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോട് അനുശോചനം രേഖപ്പെടുത്തിയ അവർ, ദുരിതബാധിതർക്കൊപ്പം ഈ പ്രയാസകരമായ സമയത്ത് ഉണ്ടാകുമെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും വ്യക്തമാക്കി.
ജില്ലാ ഭരണകൂടം, സ്ഥലത്തേക്ക് എത്തിയ മന്ത്രിമാർ, പ്രാദേശിക പ്രവർത്തകർ, മറ്റ് ഏജൻസികൾ എന്നിവരുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും അവർ പറഞ്ഞു. മണ്ണിനടിയിൽ കുടുങ്ങിയവരെ എത്രയും വേഗം കണ്ടെത്താനാകട്ടെയെന്ന് പ്രാർഥിക്കുന്നതായും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.











