തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ സുപ്രധാന പദ്ധതികളായ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’, ‘സ്പേസ് എക്കണോമി’ എന്നിവയുടെ ഉപദേശകനായി പ്രവർത്തിക്കാൻ മുൻ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിനെ മുഖ്യമന്ത്രി വി. ഡി. സതീശൻ ക്ഷണിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ശാസ്ത്ര രംഗത്തെ മികവിനുള്ള എൻ. രാമചന്ദ്രൻ സ്മാരക പുരസ്കാരം എസ്. സോമനാഥിന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ ക്ഷണത്തിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് എസ്. സോമനാഥ് തന്റെ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.
കേരളത്തെ മികച്ച ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനും അതുവഴി യുവാക്കൾ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്നത് (ബ്രെയിൻ ഡ്രെയിൻ) തടയാനും പ്രശസ്തമായ വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ സംസ്ഥാനത്ത് ആരംഭിക്കാൻ സർക്കാർ ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് യുവാക്കളുടെ എണ്ണം കുറയുകയും മുതിർന്ന പൗരന്മാരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന പ്രവണതയാണുള്ളത്. ഭാവിയിലെ വികസന പദ്ധതികൾ രൂപീകരിക്കുമ്പോൾ ഈ മാറ്റം തീർച്ചയായും പരിഗണിക്കണം. യുവാക്കൾക്ക് ആവശ്യമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരുക്കുന്നതിലൂടെയും അവരുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള തൊഴിൽ ഉറപ്പാക്കുന്നതിലൂടെയും മാത്രമേ അവരെ സംസ്ഥാനത്ത് തന്നെ നിലനിർത്താൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലിന്റെ സ്വഭാവത്തെയും രീതികളെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) വലിയ രീതിയിൽ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇത്തവണത്തെ ബജറ്റിൽ നോളജ് വാലി പ്രോജക്റ്റും ഗ്ലോബൽ വാച്ച് ടവറും സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അച്യുത്ശങ്കർ എസ് നായർ, പ്രഭാവർമ്മ, പി. പി. ജെയിംസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.











