Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തെയും വിറപ്പിച്ച കോർപറേറ്റ് തീരുമാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

29 തൊഴിൽനിയമം റദ്ദാക്കി കേന്ദ്ര സർക്കാർ നാല്‌ ലേബർ കോഡ്‌ നടപ്പാക്കുന്നത്‌ തൊഴിലാളികളെ അടിമസമാനമായ അവസ്ഥയിലേക്ക്‌ തള്ളിവിടാനുള്ള കോർപറേറ്റ്‌ പദ്ധതിയുടെ ഭാഗമാണെന്ന്‌ സിഐടിയു അടക്കം ഇന്ത്യയിലെ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ ഉന്നയിച്ച ആശങ്ക യാഥാർഥ്യമായി മാറുന്നത്‌ എത്ര വേഗത്തിലാണ്‌. പൊതുവിൽ തൊഴിലാളികൾക്ക്‌ അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്ന കേരളത്തിൽപ്പോലും കോർപറേറ്റ്‌ കന്പനിക്ക്‌ എണ്ണൂറിലധികം തൊഴിലാളികളെ നോട്ടീസ്‌പോലും നൽകാതെ ഒറ്റയടിക്ക്‌ പിരിച്ചുവിടാൻ കഴിയുന്ന സാഹചര്യം സൃഷ്‌ടിച്ചത്‌ ലേബർ കോഡ്‌ നടപ്പാക്കൽ ഉൾപ്പെടെയുള്ള തൊഴിലാളിദ്രോഹ നയങ്ങളാണ്‌.

അമേരിക്കയിലെ ടെക്‌സസ്‌ ആസ്ഥാനമായ കോറോഹെൽത്ത് കൊച്ചിയിലെയും കോഴിക്കോട്ടെയും തങ്ങളുടെ ജീവനക്കാരെ മുന്നറിയിപ്പില്ലാതെ ഒറ്റയടിക്കു പിരിച്ചുവിട്ട നടപടി കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. സ്ഥാപനം നഷ്‌ടത്തിലാണെന്ന പേരുപറഞ്ഞ്‌ മുന്നറിയിപ്പൊന്നുമില്ലാതെയാണ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന എണ്ണൂറോളം ജീവനക്കാരെ ഒറ്റയടിക്ക് പറഞ്ഞുവിട്ടത്. ‘‘എല്ലാവരെയും പിരിച്ചുവിടുന്നു. ഇപ്പോൾത്തന്നെ ഓഫീസ് വിടണം’’ എന്ന്, മൈക്കിലൂടെയുള്ള അറിയിപ്പാണ് രാവിലെ ഇവർക്കു ലഭിച്ചത്. രണ്ടുമാസത്തെ ശന്പളം നഷ്‌ടപരിഹാരം നൽകിയാണ്‌ നിയമവിരുദ്ധമായ പിരിച്ചുവിടൽ.

നഷ്ടത്തിലായതിനാൽ കൊച്ചി, കോഴിക്കോട് ഓഫീസുകൾ പൂട്ടുകയാണെന്നായിരുന്നു പിന്നാലെ കമ്പനിയുടെ ഭാഗത്തു നിന്നെത്തിയ വിശദീകരണം. കൊച്ചി ഓഫീസിൽ ജീവനക്കാർ ഈ നടപടിയോടു പ്രതിഷേധിച്ചപ്പോൾ ഉമാ തോമസ് എം.എൽ.എ.യും ജില്ലാ ലേബർ ഓഫീസറും ഇക്കാര്യത്തിൽ ഇടപെടുകയും പിരിച്ചുവിടൽ തത്കാലം മരവിപ്പിച്ചതായി കമ്പനി അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, തിങ്കളാഴ്ച വിശദചർച്ചവെച്ചെങ്കിലും ശനിയാഴ്ച ജീവനക്കാരുടെ അക്കൗണ്ടിൽ നഷ്ടപരിഹാരത്തുകയെത്തിയത് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കി.

ആശുപത്രികൾക്കും ഡോക്‌ടർമാർക്കും ആരോഗ്യ ഇൻഷുറൻസ് സ്ഥാപനങ്ങൾക്കുമൊക്കെ സാങ്കേതികവിദ്യയും ബാക്ക്- ഓഫീസ് സേവനങ്ങളും നൽകുന്ന ഹെൽത്ത്‌ കെയർ ടെക്‌നോളജി ആൻഡ്‌ റവന്യു മാനേജ്‌മെന്റ്‌ കന്പനിയാണ്‌ കോറോഹെൽത്ത്‌. കൊച്ചി പാലാരിവട്ടം, കോഴിക്കോട് വെസ്റ്റ്ഹിൽ എന്നിവിടങ്ങളിലേതിനുപുറമേ ചെന്നൈ, നോയിഡ, ബെംഗളൂരു, ഹൈദരാബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ കമ്പനിക്ക് ഓഫീസുണ്ട്. കേരളത്തിലെ ഓഫീസുകൾ പൂട്ടി നോയിഡയിലും ഹൈദരാബാദിലും കൂടുതൽ ജീവനക്കാരെ നിയമിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്നാണു പുറത്തുവരുന്ന സൂചനകൾ. കേരളത്തിലെ ജീവനക്കാർ തൊഴിൽചൂഷണങ്ങൾക്കെതിരേ പ്രതികരിക്കുന്നതുകൊണ്ടാണ് ഇവിടത്തെ ഓഫീസുകൾ പൂട്ടുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്. എന്നാൽ, എല്ലാ അർഥത്തിലും നിയമവിരുദ്ധമായ പ്രവർത്തനത്തിന്‌ തടയിടാനുള്ള നടപടികളെടുക്കാൻ സംസ്ഥാനത്തെ തൊഴിൽവകുപ്പിന്‌ സാധിച്ചിട്ടില്ല എന്നതും തൊഴിലാളികളോടുള്ള ക്രൂരതയാണ്.

സംസ്ഥാനത്ത് ഇതേ കമ്പനി കഴിഞ്ഞവർഷവും മാസങ്ങളുടെ ഇടവേളകളിൽ മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ ഓഫീസുകളിലും ഇതു ചെയ്യാറുണ്ട്. കഴിഞ്ഞ ജനുവരിയിൽ ബെംഗളൂരുവിലെ ഓഫീസിൽ ഇരുനൂറുപേരെ ഒറ്റയടിക്കു പിരിച്ചുവിടുകയുണ്ടായി. കേന്ദ്രസർക്കാർ കഴിഞ്ഞ നവംബറിൽ പ്രാബല്യത്തിലാക്കിയ തൊഴിൽ കോഡുകളുടെ പരിണതഫലമാണ് ഇത്തരത്തിലുള്ള നടപടികൾ എന്ന് തന്നെ വേണമെങ്കിൽ പറയാം. തൊഴിലാളികളെ തൊഴിലിടങ്ങളിലും രാഷ്‌ട്രീയ മണ്ഡലത്തിലും നിരായുധരാക്കുകയെന്നത് നവഫാസിസ്റ്റ്‌ തന്ത്രമാണ്‌. പൂർണമായും സ്വേച്ഛാധിപത്യപരമായ ഒരു വ്യവസ്ഥയെ ശാശ്വതീകരിക്കാനാണ്‌ അതുവഴി ലക്ഷ്യമിടുന്നത്‌.

ലേബർ കോഡുകൾ ഇ‍ൗ സ്വേച്ഛാധിപത്യം നടപ്പാക്കുന്നതിനുള്ള ഉപകരണമാണ്‌. 2019ലും 2020ലുമായി നിയമമാക്കിയെങ്കിലും 2025വരെ അതിന്‌ തടയിടാൻ ട്രേഡ്‌ യൂണിയനും പൊതുസമൂഹവും ഉയർത്തിയ ചെറുത്തുനിൽപ്പിന്‌ സാധിച്ചിരുന്നു. മൂന്നാം മോദി സർക്കാർ കോഡ്‌ നടപ്പാക്കാൻ ലക്ഷ്യമിട്ട്‌ 2025 ഏപ്രിലിൽ വിജ്ഞാപനം ചെയ്യുകയും തുടർന്ന്‌ സംസ്ഥാനങ്ങളിൽ ബിജെപിയും കോൺഗ്രസും നയിക്കുന്ന സർക്കാരുകൾ അവ അക്ഷരംപ്രതി നടപ്പാക്കുകയും ചെയ്‌തു. നൂറിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ പിരിച്ചുവിടലിനും അടച്ചുപൂട്ടലിനും സർക്കാർ അനുവാദം നിർബന്ധമാണെന്ന തൊഴിൽനിയമവ്യവസ്ഥ ലേബർ കോഡുകൾ നിലവിൽ വന്നതോടെ റദ്ദാക്കപ്പെട്ടിരിക്കുന്നു. ഇ‍ൗ പരിധി മുന്നൂറാക്കി ഉയർത്തിയിരിക്കുന്നു. എണ്ണൂറിലേറെ ജീവനക്കാരെ മുന്നറിയിപ്പ്‌ ഇല്ലാതെ പിരിച്ചുവിടാൻ കോറോഹെൽത്തിന്‌ എങ്ങനെയാണ്‌ ധൈര്യംകിട്ടിയത്‌. കേരളത്തിൽ തൊഴിൽവകുപ്പ്‌ നോക്കുകുത്തിയാണെന്ന്‌ അറിഞ്ഞതു കൊണ്ടാണ്‌ ഇ‍ൗ നിയമവിരുദ്ധ നടപടിക്ക്‌ ധൈര്യം ലഭിച്ചത്‌.

തൊഴിലാളികളുടെ താൽപ്പര്യം സംരക്ഷിക്കാൻ കേന്ദ്ര ലേബർ കോഡുകളിൽ ഭേദഗതി വരുത്താൻ നിയമസഭയ്‌ക്ക്‌ അധികാരമുണ്ടെന്ന്‌ സമിതി ശുപാർശകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ മൂന്നാം ഭാഗത്തിലെ 22, 23, 24 ഇനങ്ങളിലെ സമവർത്തിപ്പട്ടികയിലെ മൂന്ന്‌ എൻട്രിയിൽ തൊഴിൽകാര്യങ്ങളിലെ നിയമനിർമാണത്തിൽ തൊഴിൽമേഖല ഉൾപ്പെടുന്നുണ്ട്‌. പാർലമെന്റിനൊപ്പം ലിസ്റ്റുകളിലെ കാര്യത്തിൽ നിയമനിർമാണം നടത്താൻ നിയമസഭയ്‌ക്കും അധികാരമുണ്ടെന്നും സമിതി ശുപാർശ ചെയ്യുന്നു. കോറോഹെൽത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്‌ വഴികാട്ടിയാകേണ്ടത്‌ ഗോപാൽ ഗ‍ൗഡ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളാണ്‌.

തൊഴിൽനിയമങ്ങൾ തൊഴിലുടമയ്ക്ക് അനുകൂലമാക്കുന്നവിധത്തിലുള്ള പല വെള്ളംചേർക്കലുകളും മാറ്റിയെഴുത്തുകളും ഈ കോഡുകളിൽ നടത്തിയിട്ടുണ്ടെന്നതു വാസ്തവമാണ്. അതുകൊണ്ടുതന്നെ കോറോഹെൽത്ത് വിഷയത്തിൽ ഇടപെടുന്നതിന് സംസ്ഥാനസർക്കാരിനു പരിമിതിയുണ്ടെന്ന് തൊഴിൽമന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞത് ശ്രദ്ധേയമാണ്. തൊഴിൽകോഡ് പ്രാബല്യത്തിലാക്കുന്നതിന് കേരളം ചട്ടങ്ങളുണ്ടാക്കിയിട്ടില്ലാത്തതിനാൽ ഇവിടെ കേന്ദ്രചട്ടങ്ങളാണു ബാധകമാകുക. അതേസമയം, തൊഴിൽ കോഡുകൾ വരുന്നതിനുമുൻപുതന്നെ രാജ്യത്ത് ഐ.ടി. കമ്പനികളുംമറ്റും കൂട്ടപ്പിരിച്ചുവിടലുകൾ നടത്തിയ വാർത്ത നേരത്തെയും കണ്ടിട്ടുള്ളതാണ്. നവസാമ്പത്തികനയങ്ങളുടെഭാഗമായി സ്ഥാപിച്ച പ്രത്യേക സാമ്പത്തികമേഖല(സ്പെഷ്യൽ ഇക്കണോമിക് സോൺ)കളിൽ രാജ്യത്തെ തൊഴിൽനിയമങ്ങൾ കർക്കശമായി നടപ്പാക്കുന്നില്ല എന്നതാണ് ഇതിനു കാരണം.

ഇവിടങ്ങളിൽ തൊഴിൽനിയമങ്ങൾ ബാധകമാണെന്ന് 2005-ലെ പ്രത്യേക സാമ്പത്തികമേഖലാനിയമത്തിൽ പറയുന്നുണ്ടെങ്കിലും അതിലൊക്കെ വെള്ളം ചേർത്താണ് നടപ്പാക്കിയത്. തൊഴിൽനിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥപരിശോധനകൾക്കുപകരം, പ്രത്യേക സാമ്പത്തികമേഖലയിലെ സ്ഥാപനങ്ങൾക്ക് സ്വയംസാക്ഷ്യപ്പെടുത്തൽമതി. നിയമംതെറ്റിച്ചുള്ള പലവിധ തൊഴിൽചൂഷണങ്ങൾക്ക് ഇത് വഴിയൊരുക്കി. പുത്തൻ സാമ്പത്തികനയങ്ങളും പുതിയ തൊഴിൽ കോഡുകളും ദംഷ്ട്രകളാഴ്ത്തിയ ഇന്ത്യൻവ്യവസ്ഥയിൽ ഇനി തൊഴിലിന്റെ സുരക്ഷിതത്വം കിനാവുമാത്രമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer