Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുവതയുടെ സ്വപ്നങ്ങൾ തകർത്ത് PSC ? അർഹതയുള്ളവർക്കും നീതിയില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരള പബ്ലിക് സർവീസ് കമ്മീഷൻ, ഇത്രയേറെ ജനവിശ്വാസം ആർജിച്ച ഒരു സ്ഥാപനം ഇന്ത്യയിൽ വേറെയില്ല എന്ന് അഭിമാനിച്ചിരുന്നു. അതിനുള്ള ആദരവും ലഭിച്ചിരുന്നു. പബ്ലിക് സർവീസ് ചെയർമാൻമാരുടെ സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ ഇതര സംസ്ഥാനങ്ങളിലെ ചെയർമാൻമാർ കേരളത്തെ അഭിനന്ദിക്കുന്നതും ധാരാളം കേട്ടിട്ടുണ്ട്. ഇന്ന് ആ ജനവിശ്വാസത്തിന് മങ്ങൽ ഏറ്റിരിക്കുന്നു. സംസ്ഥാനത്തെ ലക്ഷക്കണക്കിനു യുവാക്കൾ സർക്കാർ ജോലിയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പരിശ്രമങ്ങളിൽ മുഴുകി കഴിയുകയാണ്.

തൊഴിലവസരങ്ങൾ സംബന്ധിച്ച് ഓരോ തവണ പിഎസ്‌സി വിജ്ഞാപനം ഇറക്കുമ്പോഴും പ്രതീക്ഷയോടെയാണ് തൊഴിൽ തേടുന്ന യുവത അതിനെ സമീപിക്കുന്നത്. കമ്മീഷൻ ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. ഓരോ തസ്തികയിലും അർഹതയുള്ളവർക്കു മാത്രം ജോലി ലഭിക്കുന്നു എന്നുറപ്പാക്കാനുള്ള ബാധ്യത അതുകൊണ്ടുതന്നെ പിഎസ്‌സിക്കുണ്ട്. എന്നാൽ, രാഷ്‌ട്രീയ സ്വാധീനങ്ങളോ മറ്റേതെങ്കിലും വിധത്തിലുള്ള സമ്മർദങ്ങളോ അർഹരായവരെ നിശ്ചയിക്കുന്നതിൽ തടസ്സമാകാൻ പാടില്ല. നേരായ വഴി ഉപേക്ഷിച്ച് പിന്നാമ്പുറങ്ങളിലൂടെ സർക്കാർ ജോലികളിൽ ആരെങ്കിലും എത്തിപ്പെട്ടാൽ അതുവഴി അവസരം നഷ്ടമാവുന്നത് അതിനുവേണ്ടി വർഷങ്ങളായി തയാറെടുപ്പുകൾ നടത്തിവന്ന, എല്ലാവിധ അർഹതയുമുള്ളവർക്കാണ്. പിഎസ്‌സിയിൽ അന്യായമായ നീക്കങ്ങൾക്കു കുടപിടിക്കുന്നവരുണ്ടെങ്കിൽ അവരെയെല്ലാം ഈ സംവിധാനത്തിന്‍റെ പടിക്കു പുറത്താക്കേണ്ടതാണ്.

കള്ളത്തരങ്ങൾ കാണിച്ചവർക്കെതിരേ കർശനമായ നടപടിയെടുക്കുന്നതിൽ ഒരമാന്തവും ഉണ്ടായിക്കൂടാ. നൂറു ശതമാനവും ശരിയായ വിധത്തിലാണ് പിഎസ്‌സിയുടെ പ്രവർത്തനങ്ങളെന്നു സർക്കാർ ഉറപ്പാക്കണം. അർഹത മാത്രമാവണം സർക്കാർ ജോലിയുടെ മാനദണ്ഡം. പിഎസ്‌സി നടത്തുന്ന പരീക്ഷകളുടെ മൂല്യനിർണയത്തിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നു എന്ന പരാതിയാണ് ഇപ്പോൾ ഉയരുന്നത്. യോഗ്യതയുള്ളവരെ പുറന്തള്ളി തങ്ങൾക്കു താത്പര്യമുള്ളവരെ തിരുകിക്കയറ്റാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ആക്ഷേപത്തെക്കുറിച്ച് പിഎസ്‌സി പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം ആഭ്യന്തര വിജിലൻസിന്‍റേതാണ്. നിയമന ക്രമക്കേട് ആഭ്യന്തര വിജിലന്‍സ് സംഘത്തെക്കൊണ്ട് അന്വേഷിക്കാന്‍ കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ചെങ്കിലും അത് പിഎസ്‌സി ചെയര്‍മാന്‍ അട്ടിമറിച്ച് അന്വേഷണം പരീക്ഷാ കണ്‍ട്രോളറെ ഏല്‍പിച്ചതു വിവാദമായിരുന്നു. പിഎസ്‌സി യോഗത്തില്‍ ചില അംഗങ്ങള്‍ ചെയര്‍മാന്റെ നടപടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന് തൊട്ട് പിന്നാലെ, പരീക്ഷാ കണ്‍ട്രോളറുടെ അന്വേഷണം റദ്ദാക്കി ആഭ്യന്തര വിജിലന്‍സിനെ തന്നെ ഏല്‍പിക്കാന്‍ ചെയര്‍മാന്‍ തീരുമാനിച്ചത്.

ആസൂത്രണ ബോർഡിലെ മൂന്ന് ചീഫ് ലെവൽ തസ്തികകളിലേക്കുള്ള നിയമനങ്ങൾക്കു പിഎസ്‌സി നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിൽ വലിയ വീഴ്ച സംഭവിച്ചുവെന്നാണു കണ്ടെത്തിയിരിക്കുന്നത്. 100 മാർക്കിനുള്ള പരീക്ഷയിൽ 58 മാർക്കിനുള്ള ഉത്തരങ്ങളും പിഎസ്‌സി പരിശോധിച്ചില്ല. 228 ഉദ്യോഗാർഥികളാണ് ഉണ്ടായിരുന്നത്. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഓൺ സ്ക്രീൻ മാർക്കിങ് വഴിയായിരുന്നു. ഒമ്പതു മുതൽ 18 വരെയുള്ള ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത്. മൂല്യനിർണയത്തിൽ പരാതിയുള്ളവർ ഉത്തരക്കടലാസിന്‍റെ പകർപ്പിനായി‌ അപേക്ഷ നൽകിയെങ്കിലും ഒരു വർഷത്തോളമെടുത്താണ് പിഎസ്‌സി അതു നൽകിയത്.

ഉദ്യോഗാർഥികൾ ഉത്തരക്കടലാസിന്‍റെ പകർപ്പു പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ക്രമക്കേടു വെളിച്ചത്തുവന്നത്. ഇതിനിടെ വിവാദ റാങ്ക് ലിസ്റ്റിൽ നിന്നു നിയമന ശുപാർശയും നൽകി. സംഭവം വിവാദമായതോടെ, റാങ്ക് പട്ടിക റദ്ദാക്കാനും പുനർമൂല്യ നിർണയം നടത്താനും പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. അപ്പോഴും എന്തുകൊണ്ട് ഇത്തരത്തിൽ മൂല്യനിർണയം നടന്നു എന്നതിൽ ദുരൂഹത തുടരുകയാണ്.

ഒന്നേകാൽ ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്യുന്ന ഉയർന്ന പദവികളിലേക്കാണു ക്രമക്കേട് ആരോപിക്കപ്പെടുന്ന പരീക്ഷ നടന്നത്. സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ), ചീഫ് (പെഴ്സ്പെക്റ്റീവ് പ്ലാനിങ്), ചീഫ് (പ്ലാനിങ് കോർഡിനേഷൻ) എന്നിവയായിരുന്നു ഈ തസ്തികകൾ. പിഎസ്‌സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കിക്കൊണ്ട് പിൻവാതിൽ നിയമനങ്ങൾ വൻതോതിൽ നടക്കുന്നു എന്ന ആക്ഷേപം എൽഡിഎഫ് സർക്കാരിന്‍റെ കാലത്തു കേൾക്കേണ്ടിവന്നിട്ടുണ്ട്.

ആയിരക്കണക്കിനാളുകൾക്കു പലവിധ സ്വാധീനങ്ങളാൽ പിൻവാതിൽ നിയമനങ്ങൾ ലഭിക്കുമ്പോൾ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ കയറി കാത്തിരിക്കുന്നവർ കബളിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടായി. പിൻവാതിൽ നിയമനങ്ങൾക്കെതിരേ ഇന്നത്തെ ഭരണപക്ഷമായ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധവും അന്ന് ഉണ്ടായിട്ടുണ്ട്. പിഎസ്‌സിയുടെ വിലകളയുന്ന നടപടികൾക്കെതിരേ രംഗത്തുവന്നവരാണ് ഇന്നു ഭരിക്കുന്നത്. തൊഴിലിനായി കാത്തിരിക്കുന്നവരെ വഞ്ചിക്കരുത്. കമ്മീഷന്റെ വിശ്വാസ്യത പൊതുജനങ്ങൾക്കിടയിൽ ഉറപ്പിക്കുന്നതിനായി, സമഗ്രമായ അന്വേഷണം നടത്താൻ കമ്മീഷൻ തന്നെ സർക്കാരിന് ശുപാർശ നൽകുന്നതാണ് അനുകരണീയം. അല്ലെങ്കിൽ സർക്കാർ ആ ചുമതല നിർവ്വഹിക്കണം. ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആശാ കേന്ദ്രമാണ് പി എസ് സി അതിനെ തകർക്കരുത്.

Advertisement
WhiteswanTV Footer