ബീജിങ്: തെക്കൻ ചൈനയിൽ ചുഴലിക്കാറ്റിനും കനത്ത പ്രളയത്തിനും പിന്നാലെ നൂറുകണക്കിന് പാമ്പുകൾ നഗരത്തിലേക്ക് ഒഴുകിയെത്തിയത് ജനങ്ങളിൽ ആശങ്ക പരത്തി. വാങ്ഷി ഷുവാങ് സ്വയംഭരണ മേഖലയിലെ ഹെങ്‌ഷൗവിലുള്ള ഒരു പാമ്പ് ഫാം പ്രളയത്തിൽ ഒഴുകിപ്പോയതോടെയാണ് ഫാമിലുണ്ടായിരുന്ന പാമ്പുകൾ കൂടുകളിൽ നിന്ന് രക്ഷപ്പെട്ടത്.
ഫാമിൽ ഏകദേശം 900 പാമ്പുകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവയിൽ അതീവ വിഷമുള്ള ഇനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതോടെ പാമ്പുകളെ പിടികൂടാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പ്രത്യേക രക്ഷാസംഘങ്ങളെ വിന്യസിച്ചു.
ഹെങ്‌ഷൗ നഗരത്തിൽ രക്ഷാപ്രവർത്തകരും നാട്ടുകാരും ചേർന്ന് പ്രളയജലത്തിലൂടെ ഒഴുകിനടക്കുന്ന പാമ്പുകളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. വെള്ളത്തിൽ നിന്ന് വലകൾ ഉപയോഗിച്ച് പാമ്പുകളെ പിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സംഭവത്തിനിടെ ഒരാൾക്ക് പാമ്പുകടിയേറ്റതായും ചികിത്സയിൽ തുടരുകയാണെന്നും റിപ്പോർട്ടുണ്ട്. ലിയുലാൻ, യുൻബിയാവോ ജലസംഭരണികളിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതായും നിരവധി ചെറുകിട പാമ്പ് ഫാമുകളും പ്രളയത്തിൽ ഒഴുകിപ്പോയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


