കൊൽക്കത്ത: ബലാത്സംഗക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ യുവാവ് നിരപരാധിയായിരുന്നുവെന്ന് പൊലീസ്. പശ്ചിമബംഗാളിലെ ബരുയിപ്പൂരിലാണ് സംഭവം. പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇന്ദ്രജിത് മണ്ഡൽ എന്ന യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയത്.
ഇന്ദ്രജിത് മണ്ഡലിന് കേസുമായി ബന്ധമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ യുവാവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അറിയിച്ചു. യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയവർക്കെതിരെ കൊലക്കുറ്റം ചുമത്തി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പതിനൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രവാഷ് മണ്ഡൽ, ആനന്ദ് സർദാർ, ദിബാകർ സർദാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലിൽ മൂന്ന് പേരും കുറ്റം സമ്മതിച്ചതായാണ് പൊലീസ് അറിയിച്ചത്. തുടർന്ന് നാലാം പ്രതിയായ കബീർ മൊല്ലയെയും പിടികൂടി.
അറസ്റ്റിലായ പ്രതികളിൽ ഒരാളായ പ്രവാഷ് മണ്ഡൽ, പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും പൊലീസ് അറിയിച്ചു.
പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമം സ്ഥിരീകരിച്ചിട്ടുണ്ട്. തലയ്ക്ക് ഗുരുതര പരിക്കുകളും സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളും ശരീരമാകെ കടിയേറ്റ പാടുകളും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധം അരങ്ങേറി. പ്രതിഷേധക്കാർ റെയിൽവേ ട്രാക്കുകൾ ഉപരോധിക്കുകയും പൊലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്തു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ദ്രജിത് മണ്ഡലിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലും ഇവർക്ക് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം, പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രവാഷ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് മാതാവ് സന്ധ്യ മണ്ഡൽ അറിയിച്ചു. മകൻ ചെയ്ത തെറ്റിന്റെ ശിക്ഷ അനുഭവിച്ചുകഴിഞ്ഞെന്നും മൃതദേഹം ഏറ്റെടുക്കാൻ കുടുംബത്തിൽ നിന്ന് ആരും പോകില്ലെന്നും അവർ പ്രതികരിച്ചു.


