കോഴിക്കോട്: വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാനമാർഗം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹങ്ങൾ എംബാം ചെയ്തശേഷമാണ് നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
മധ്യപ്രദേശ് സ്വദേശിയും ഹിറ്റാച്ചി ഓപ്പറേറ്ററുമായ ചന്ദ്രബാൻ, ബിഹാർ സ്വദേശിയും ഫോർമാനുമായ വികാസ് കുമാർ സിങ്, ഝാർഖണ്ഡ് സ്വദേശിയായ അൻമോൽ എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്. ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരായ ഇവർ മീനാക്ഷിപ്പാലം മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽപ്പെടുകയായിരുന്നു.
അപകടസമയത്ത് കമ്പനിയിലെ എട്ട് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവരിൽ മൂന്ന് പേർ മരിച്ചപ്പോൾ അഞ്ച് പേരെക്കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കമ്പനി മാനേജർ നെപ്പോളിയന്റെ നേതൃത്വത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ആലോചിച്ചാണ് മൃതദേഹങ്ങൾ എംബാം ചെയ്ത് വിമാനമാർഗം നാട്ടിലെത്തിക്കാൻ തീരുമാനിച്ചത്. എംബാമിംഗ് നടപടികൾ പൂർത്തിയായതോടെ ആംബുലൻസിൽ മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.
അൻമോളിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രി ഇൻഡിഗോ വിമാനത്തിൽ റാഞ്ചിയിലേക്ക് കൊണ്ടുപോകും. ചന്ദ്രബാന്റെയും വികാസ് കുമാർ സിങ്ങിന്റെയും മൃതദേഹങ്ങൾ വ്യാഴാഴ്ച പുലർച്ചെയുളള വിമാനത്തിൽ യഥാക്രമം ഭോപ്പാലിലേക്കും പട്നയിലേക്കും എത്തിക്കും.
മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ വേദന മാറുംമുമ്പാണ് വയനാട് വീണ്ടും ഒരു മണ്ണിടിച്ചിലിന് സാക്ഷിയായത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മൃതദേഹങ്ങൾ വയനാട്ടിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്.












