മലപ്പുറം: കോട്ടക്കൽ എടരിക്കോട് വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാറിൽ കടത്തുകയായിരുന്ന 1.24 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. മഞ്ചേരി എളങ്കൂർ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിൽ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത്.
ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊലീസ് ചൈൽഡ് വെൽഫെയർ ബോർഡിന് മുന്നിൽ ഹാജരാക്കി. തുടർന്ന് പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിക്കടത്ത് സംഘത്തോടൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിക്ക് വിദഗ്ധ കൗൺസിലിംഗ് നൽകുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൽപകഞ്ചേരി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


