തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ആദ്യ ദിവസം തന്നെ പത്തിലധികം പരാതികൾ ലഭിച്ചു. കെഎഎസ് പരീക്ഷ, പ്ലാനിംഗ് ബോർഡ് ചീഫ് പരീക്ഷ എന്നിവ ഉൾപ്പെടെ വിവിധ പരീക്ഷകളിൽ ക്രമക്കേട് നടന്നതായി പരാതികളിൽ ആരോപിക്കുന്നു.
പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ഇതിനൊപ്പം പിഎസ്‌സിയുടെ രേഖകളും പരിശോധിക്കും. പിഎസ്‌സി ജീവനക്കാരുടെ മൊഴി ശേഖരിച്ച ശേഷം ജൂലൈ 25-ന് പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുക.
അന്വേഷണ സംഘം വിപുലീകരിച്ച് അംഗങ്ങളുടെ എണ്ണം എട്ടാക്കി. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എഡിജിപി എച്ച്. വെങ്കിടേഷിനാണ് മേൽനോട്ട ചുമതല. ഒരു എസ്‌പി, ഒരു ഡിവൈഎസ്‌പി, ഒരു ഇൻസ്‌പെക്ടർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
ആദ്യഘട്ടത്തിൽ പ്ലാനിംഗ് ബോർഡ് ചീഫ് തസ്തിക പരീക്ഷ, ഡിവൈഎസ്‌പി സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് പരീക്ഷ, കെഎഎസ് പരീക്ഷ എന്നിവയാണ് വിശദമായി പരിശോധിക്കുക. ദിവസേന പുതിയ പരാതികൾ ലഭിക്കുന്നതിനാൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
പ്ലാനിംഗ് ബോർഡ് ചീഫ്, കെഎഎസ് പരീക്ഷകൾക്ക് പുറമെ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് റിസർച്ച് ഓഫീസർ പരീക്ഷ, ഹോട്ടൽ മാനേജ്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷ എന്നിവയിലും ക്രമക്കേട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
പ്ലാനിംഗ് ബോർഡിലെ മൂന്ന് ചീഫ് തസ്തികകളിലേക്കുള്ള പൊതുപരീക്ഷയിൽ 10 ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെ വിട്ടതായി കണ്ടെത്തിയിരുന്നു. ഇതിൽ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും നിയമനവും നൽകുകയും ചെയ്തിരുന്നു. ഒരു ഉദ്യോഗാർത്ഥി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെയാണ് ഈ പിഴവ് പിഎസ്‌സി സമ്മതിച്ചത്. അഭിമുഖത്തിൽ സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കാതെ മാർക്ക് നൽകിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്.












