കൊച്ചി: സത്യപ്രതിജ്ഞ ചെയ്യുന്നതിനായി താൽക്കാലികമായി ജയിൽ മോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ ഹൈക്കോടതിയെ സമീപിച്ചു. കാപ്പ ചുമത്തി ജയിലിൽ കഴിയുന്നതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് സുഗതന്റെ ഹർജിയിലെ വാദം.
നാലാഴ്ചയ്ക്കകം സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കണമെന്നും അതിനായി ജയിൽ വിട്ടയക്കണമെന്നും സുഗതൻ ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞ ചെയ്യുന്നതിൽ നിന്ന് സർക്കാർ തടസ്സം സൃഷ്ടിക്കുകയാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
ഹർജിയിൽ തിങ്കളാഴ്ച നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ജയിൽവാസത്തിനിടെ തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ സാധിക്കുമോയെന്നും കോടതി സർക്കാരിനോട് ആരാഞ്ഞു.
കൗൺസിലറായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ നേരത്തെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിഷയം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണെന്ന നിലപാടുമായി പ്രോസിക്യൂഷൻ എതിർപ്പ് അറിയിച്ചിരുന്നു.
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സുഗതൻ ഉൾപ്പെടെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ കാപ്പ ചുമത്തി ജയിലിലായതിനാൽ മറ്റ് കൗൺസിലർമാർക്കൊപ്പം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സുഗതന് കഴിഞ്ഞില്ല.
സുഗതനെതിരായ ആറുമാസത്തെ കാപ്പാ തടവ് കാപ്പ ഉപദേശക സമിതിയും ശരിവച്ചിരുന്നു. ഇതോടെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കുന്നതിനും അദ്ദേഹത്തിന് നിയന്ത്രണമുണ്ട്.
കോടതിയുടെ അനുമതിയോടെ സമയബന്ധിതമായി സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ കൗൺസിലർ സ്ഥാനത്ത് നിന്ന് സുഗതൻ അയോഗ്യനാകാനുള്ള സാധ്യതയുണ്ട്. ഇത് തിരുവനന്തപുരം കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.












