വാഷിങ്ടൺ: ഇറാൻ തന്നെ വധിക്കാൻ ശ്രമിച്ചാൽ ശക്തമായ സൈനിക തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അത്തരമൊരു സാഹചര്യമുണ്ടായാൽ ഇറാനെ ലക്ഷ്യമിട്ട് 1,000 മിസൈലുകൾ സജ്ജമാണെന്നും വൻ സൈനിക ആക്രമണത്തിന് യുഎസ് സൈന്യത്തിന് മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
“അമേരിക്കൻ പ്രസിഡന്റിനെ വധിക്കാനോ വധിക്കാൻ ശ്രമിക്കാനോ ഇറാൻ തയ്യാറായാൽ ആദ്യഘട്ടത്തിൽ തന്നെ 1,000 മിസൈലുകൾ പ്രയോഗിക്കും. തുടർന്ന് ആയിരക്കണക്കിന് മിസൈലുകൾ കൂടി വിക്ഷേപിക്കും. ഇതിനുള്ള എല്ലാ നിർദേശങ്ങളും ഇതിനകം നൽകിയിട്ടുണ്ട്. യുഎസ് സൈന്യം പൂർണ സജ്ജമാണ്,” ട്രംപ് വ്യക്തമാക്കി.
ഇറാനെതിരെ ആവശ്യമായ സൈനിക നടപടി സ്വീകരിക്കാൻ നേരത്തേ തന്നെ ഉത്തരവുകൾ നൽകിയിട്ടുണ്ടെന്നും ആ നിർദേശം ഒരു വർഷത്തേക്ക് പ്രാബല്യത്തിലായിരിക്കുമെന്നും ആവശ്യമെങ്കിൽ കാലാവധി ദീർഘിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി ആസൂത്രണം ചെയ്തതായി ഇസ്രയേൽ അമേരിക്കയ്ക്ക് രഹസ്യാന്വേഷണ വിവരം കൈമാറിയെന്ന റിപ്പോർട്ടുകൾ അടുത്തിടെ അമേരിക്കൻ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. സമാധാനചർച്ചകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ഈ മുന്നറിയിപ്പെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, തന്നെ വധിക്കാൻ ഇറാൻ പുതിയ ഗൂഢാലോചന നടത്തുന്നുവെന്ന വ്യക്തമായ രഹസ്യവിവരം ലഭിച്ചിട്ടില്ലെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ ഏറെക്കാലമായി ഇറാന്റെ ലക്ഷ്യപ്പട്ടികയിൽ താനുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെട്ടു.
2020-ൽ ട്രംപിന്റെ നിർദേശപ്രകാരം ബാഗ്ദാദിന് സമീപം നടത്തിയ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ ഇറാന്റെ മുതിർന്ന സൈനിക കമാൻഡറായ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെ പ്രതികാരം ചെയ്യുമെന്ന് ഇറാൻ പലതവണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിനിടെ ട്രംപിനെതിരായ മുദ്രാവാക്യങ്ങൾ ഉയർന്നതും ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ പ്രതികരണമെന്ന് വിലയിരുത്തപ്പെടുന്നു.


