കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമായി. കുവൈറ്റിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തിങ്കളാഴ്ച പുതിയ ആക്രമണങ്ങൾ നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അവകാശപ്പെട്ടു. അമേരിക്കയുടെ സമീപകാല സൈനിക നടപടികൾക്ക് മറുപടിയായുള്ള പ്രത്യാക്രമണത്തിന്റെ മൂന്നാം ഘട്ടമാണിതെന്നും ഐആർജിസി അറിയിച്ചു.
കുവൈറ്റിലെ അലി അൽ-സലേം വ്യോമതാവളത്തിലെ ഇന്ധന സംഭരണ ടാങ്കുകളും പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ടതായി ഐആർജിസി വ്യക്തമാക്കി. അഹമ്മദ് അൽ-ജാബർ വ്യോമതാവളത്തിലെ റഡാർ സംവിധാനവും ആക്രമണത്തിനിരയായതായി അവകാശപ്പെട്ടു. കുവൈറ്റ് ഓയിൽ കമ്പനിയുടെ എണ്ണഖനന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. കുവൈറ്റിന്റെ വടക്കൻ മേഖലകളിലേക്കും ആക്രമണം വ്യാപിപ്പിച്ചതായും ഐആർജിസി അറിയിച്ചു.
ബഹ്റൈനിലെ ശൈഖ് ഇസാ വ്യോമതാവളത്തിലെ ഹെലികോപ്റ്റർ അറ്റകുറ്റപ്പണി കേന്ദ്രം, പി-8 വിമാന ഹാംഗർ, ഡ്രോൺ കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രം എന്നിവയും ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ജോർദാനിലെ ഒരു അമേരിക്കൻ സൈനിക കേന്ദ്രവും ആക്രമണത്തിനിരയായതായി റിപ്പോർട്ടുകളുണ്ട്.
ഇറാനിലെ ബന്ദർ അബ്ബാസ്, ഖുഷം എന്നിവിടങ്ങളിലായി അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങൾക്കുള്ള മറുപടിയായാണ് പുതിയ ആക്രമണങ്ങളെന്നാണ് ഇറാന്റെ വിശദീകരണം. ഫൈറ്റർ ജെറ്റുകൾ, യുദ്ധക്കപ്പലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചായിരുന്നു അമേരിക്കയുടെ ആക്രമണമെന്നും ഇറാന്റെ മിസൈൽ പ്രതിരോധ സംവിധാനങ്ങളും റഡാർ കേന്ദ്രങ്ങളും ഡ്രോൺ താവളങ്ങളും തകർത്തതായി അമേരിക്ക നേരത്തെ അവകാശപ്പെട്ടിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന വാണിജ്യക്കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് അമേരിക്ക സൈനിക നടപടി ശക്തമാക്കിയത്.
അതേസമയം, സംഘർഷം തുടരുന്നതിനിടെ ഇറാൻ ഭരണകൂടത്തിനുള്ളിൽ അഭിപ്രായഭിന്നതകളും ഉയരുന്നതായി റിപ്പോർട്ടുകളുണ്ട്. ഒരു വിഭാഗം നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെടുമ്പോൾ, ശക്തമായ തിരിച്ചടിയാണ് നൽകേണ്ടതെന്ന നിലപാടിലാണ് ഐആർജിസി. ഇതിനിടെ ഒമാനും പാകിസ്താനും കേന്ദ്രീകരിച്ച് സമാധാനശ്രമങ്ങളും നയതന്ത്ര ചർച്ചകൾക്കുള്ള നീക്കങ്ങളും പുരോഗമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.











