അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ 13.06 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ഒരാൾ പൊലീസിന്റെ പിടിയിലായി. പരിശോധനയ്ക്കിടെയാണ് ഇയാളിൽ നിന്ന് 500 രൂപയുടെ വ്യാജ നോട്ടുകൾ പിടിച്ചെടുത്തത്. സംസ്ഥാനത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ കള്ളനോട്ട് വേട്ടകളിലൊന്നായാണ് സംഭവം വിലയിരുത്തപ്പെടുന്നത്.
പ്രതി ഏത് സംഘത്തിന്റെ ഭാഗമാണെന്നും കള്ളനോട്ടുകൾ എവിടെ നിന്നാണ് എത്തിച്ചതെന്നും കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
അതേസമയം, അസമിലെ ഗുവാഹത്തിയിലും വൻ കള്ളനോട്ട് വേട്ട നടന്നു. 13.5 ലക്ഷം രൂപയുടെ വ്യാജ കറൻസിയുമായി അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത കള്ളനോട്ടുകളുടെ ഉറവിടവും സംഘത്തിന് പിന്നിലുള്ള ശൃംഖലയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളനോട്ട് ശൃംഖലകൾ വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണ് ഈ രണ്ട് സംഭവങ്ങളും നൽകുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. ഇരു കേസുകളിലും കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.


