ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ട് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നും പ്രധാനമായും യാത്രയ്ക്കായി ഉപയോഗിക്കുന്ന രേഖയാണെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. പാസ്പോർട്ട് പൗരത്വ രേഖയായി പരിഗണിക്കാമോ എന്ന ചർച്ചകൾക്കിടെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
1967ലെ പാസ്പോർട്ട് നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ പാസ്പോർട്ട് ഒരു യാത്രാ രേഖയായാണ് കണക്കാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാസ്പോർട്ട് പൗരത്വത്തിന്റെ തെളിവായി ഉപയോഗിക്കാമോ എന്ന വിഷയത്തിൽ നിലനിൽക്കുന്ന ചർച്ചകൾക്കിടെയാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരണം നടത്തിയത്.
1967ലെ പാസ്പോർട്ട് ആക്ടും 1980ലെ പാസ്പോർട്ട് നിയമങ്ങളും അനുസരിച്ചുള്ള പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യൻ പൗരന്മാർക്ക് പാസ്പോർട്ട് അനുവദിക്കുന്നതെന്ന് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
എന്നാൽ പാസ്പോർട്ട് ലഭിച്ചിട്ടുള്ളവരുടെ എണ്ണം രാജ്യത്തെ ആകെ പൗരന്മാരുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നും നിലവിൽ ഇന്ത്യൻ പൗരന്മാരിൽ എട്ട് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് പാസ്പോർട്ട് ഉള്ളതെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
എസ്ഐആർ പരിഷ്കരണവുമായി ബന്ധപ്പെട്ട് പാസ്പോർട്ട് പൗരത്വ രേഖയായി ഉപയോഗിക്കാനാകുമോ എന്ന ചോദ്യത്തിന് കേന്ദ്രം നേരത്തെ നൽകിയ വിശദീകരണത്തിലും പാസ്പോർട്ട് പൗരത്വ രേഖയല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ പ്രതികരണം.


