പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരനായി കണ്ടെത്തപ്പെട്ട ചെന്താമരയുടെ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായതോടെയാണ് കേസ് വിധിക്കായി മാറ്റിയത്.
ചെന്താമര സ്ഥിരം കുറ്റവാളിയാണെന്നും സമൂഹത്തിന് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. പ്രതിക്ക് വീണ്ടും കുറ്റകൃത്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
അതേസമയം, പ്രതിക്ക് മാനസാന്തരപ്പെടാൻ അവസരം നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. മുൻകാല കേസുകൾ പരിഗണിക്കരുതെന്നും കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണുള്ളതെന്നും പ്രത്യക്ഷ സാക്ഷികളില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 132 സാക്ഷികളുടെയും 30 ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്.
2019-ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ചെന്താമര ഇരട്ടക്കൊല നടത്തിയത്. ഭാര്യയും മകളും വിട്ടുപോകാൻ കാരണക്കാരെന്ന് തെറ്റിദ്ധരിച്ച് സജിതയോടും കുടുംബത്തോടും പ്രതി വൈരാഗ്യം സൂക്ഷിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സജിത വധക്കേസിൽ ചെന്താമരയ്ക്ക് നേരത്തെ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.











