പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ മർദിക്കാൻ ശ്രമിച്ചെന്നാരോപിച്ച് യുവാവിന്റെ പ്രതിഷേധം. പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലാണ് മാവേലിക്കര സ്വദേശിയായ യുവാവ് പ്രതിഷേധിക്കുന്നത്.
ഫേസ്ബുക്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് സൈബർ പൊലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴാണ് ആക്രമണശ്രമം ഉണ്ടായതെന്നാണ് യുവാവിന്റെ പരാതി.
‘പത്തനംതിട്ട പൊലീസിൽ രാഹുൽ രാജ് ആണോ? ആഭ്യന്തര മന്ത്രിക്കും പൊലീസ് ഉന്നത അധികാരികൾക്കും പരാതി നൽകിയിട്ട് ഇന്നേക്ക് 30 ദിവസം’, ‘പൊലീസിന്റെ ജോലി നീതി നിർവഹണമോ, സ്ത്രീ പീഡകന്റെ പിണിയാൾ പണിയോ? എനിക്ക് നീതി ഉറപ്പാക്കുക’ തുടങ്ങിയ വാചകങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് യുവാവ് പ്രതിഷേധിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് യുവാവിന്റെ ഫോൺ സൈബർ ക്രൈം പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് എത്തിയതെന്നും, വഴിയിൽ വച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ മർദിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. അഞ്ച് പേരടങ്ങിയ സംഘമാണ് ഉണ്ടായിരുന്നതെന്നും യുവാവ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാ ദേവി കുഞ്ഞമ്മയുടെ പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിലും രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾക്കെതിരെ ആരോപണം ഉയർന്നിരുന്നു. മുപ്പതോളം പേർ ചേർന്ന് പൊലീസ് ജീപ്പ് തടഞ്ഞ് ആക്രമണത്തിന് ശ്രമിച്ചെന്ന പരാതിയിൽ അടൂർ പൊലീസ് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു.


