പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾ മർദിച്ചെന്ന് ആരോപിച്ച് യുവാവ് പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഫേസ്ബുക്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റ് പങ്കുവെച്ചതിനെ തുടർന്ന് സൈബർ പൊലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ഹാജരാകാനെത്തിയപ്പോഴാണ് അനുയായികൾ മർദിക്കാൻ ശ്രമിച്ചതെന്നാണ് യുവാവിന്റെ പരാതി.
മാവേലിക്കര സ്വദേശിയായ യുവാവ്, “എനിക്ക് നീതി ഉറപ്പാക്കുക”, “പൊലീസിന്റെ ജോലി നീതി നിർവഹണമോ?” തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം നടത്തിയത്. സംഭവത്തിൽ ആഭ്യന്തര മന്ത്രിക്കും പൊലീസ് ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ട് 30 ദിവസം കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും യുവാവ് ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി യുവാവിന്റെ മൊബൈൽ ഫോൺ സൈബർ ക്രൈം പൊലീസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോൾ അഞ്ച് പേരടങ്ങുന്ന സംഘം ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
അതേസമയം, കഴിഞ്ഞ ദിവസം ജില്ലാപഞ്ചായത്തംഗം ശ്രീനാ ദേവി കുഞ്ഞമ്മയുടെ പരാതിയിൽ അറസ്റ്റിലായ യൂട്യൂബർ രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിലും രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായികൾക്കെതിരെ ആരോപണം ഉയർന്നിരുന്നു. പൊലീസ് ജീപ്പ് വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.












