ആലപ്പുഴ: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജംഗ്ഷന് സമീപം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് വയോധികൻ മരിച്ചു. വീയപുരം മേൽപ്പാടം സ്വദേശി പി.ജെ. ചെറിയാൻ (66) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം നടന്നത്. ആലപ്പുഴ ഭാഗത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ചെറിയാനെ ഇടിക്കുകയായിരുന്നു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചെറിയാൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയുടെ സ്വദേശമായ കരുവാറ്റ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിന് സമീപത്തെ വാടകവീട്ടിലായിരുന്നു ചെറിയാൻ താമസിച്ചിരുന്നത്. ഭാര്യ വിജയമ്മ നേരത്തെ മരണപ്പെട്ടിരുന്നു. മക്കൾ: ബിൻസി ചെറിയാൻ, വിനീത ചെറിയാൻ.


