തിരുവനന്തപുരം: പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമം. വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്ക്ക് പിന്നാലെ ഷാഫി പറമ്പിൽ എംപി, ഡീൻ കുര്യാക്കോസ് എംപി എന്നിവർക്കും സമാനമായ വ്യാജ ഫോൺകോളുകൾ ലഭിച്ചതായാണ് വിവരം. സംഭവത്തിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വ്യാജ ഫോൺവിളികളിലൂടെ മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള ഉയർന്ന പദവികൾ വാഗ്ദാനം ചെയ്താണ് തട്ടിപ്പിന് ശ്രമിച്ചത്. ഇതിന് പകരമായി കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ടതായും പരാതിയുണ്ട്. വയനാട് എംപിയുടെ ഡൽഹിയിലെ ഓഫീസിൽ നിന്നാണെന്ന് പറഞ്ഞാണ് ഫോൺവിളികൾ നടത്തിയിരുന്നത്. മന്ത്രിസഭാ പുനഃസംഘടന ഉടൻ നടക്കുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനത്തിന് പരിഗണിക്കാമെന്നുമാണ് വാഗ്ദാനം നൽകിയതെന്ന് പരാതിയിൽ പറയുന്നു.
‘രാജ്കുമാർ’ എന്ന പേരിലാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയത്. ഒരു എംപിയാണ് ഫോൺ നമ്പർ നൽകിയതെന്നും ഇയാൾ അവകാശപ്പെട്ടു. തുടർന്ന് ബന്ധപ്പെട്ട എംപിയുമായി സംസാരിച്ചപ്പോൾ നമ്പർ മറ്റൊരാൾ ചോദിച്ച് വാങ്ങിയതായി അറിയാൻ കഴിഞ്ഞെന്ന് വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. ഇതിന് പിന്നാലെ വിദ്യാ ബാലകൃഷ്ണൻ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.











