ജമ്മു: ജമ്മു- കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ സർവീസ് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ വെടിവെപ്പിൽ ഒരു യുവാവ് മരിച്ചു. ചീക്ക ഗ്രാമ സ്വദേശി ആരിഫ് ഹുസൈൻ (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭദെർവ പട്ടണത്തിന് സമീപത്തെ ജയ്-ഗന്ദോ റോഡിൽ പരിശോധന നടത്തുകയായിരുന്ന സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) സംഘമാണ് ആരിഫിനെ തടഞ്ഞത്.
ഈ സമയത്ത് ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സർവീസ് തോക്ക് പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പിടിവലിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിൽ മൂന്ന് എസ്.ഒ.ജി ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആദ്യം ഭദെർവയിലെ ആശുപത്രിയിലും പിന്നീട് ദോഡ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്കും മാറ്റി. ചികിത്സയ്ക്കിടെ ആരിഫ് ഹുസൈൻ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പങ്കിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
സംഭവത്തിന് പിന്നാലെ ഭദെർവ മേഖലയിൽ സുരക്ഷ ശക്തമാക്കി. സി.ആർ.പി.എഫിനെയും ജമ്മു-കശ്മീർ പൊലീസിനെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ജയ് മേഖലയിലും സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്.


