ന്യൂയോർക്ക്: ഞായറാഴ്ച നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീനയും സ്പെയിനും നേർക്കുനേർ വരുമ്പോൾ മത്സരം നിയന്ത്രിക്കാനുള്ള നിയോഗം സ്ലോവേനിയൻ റഫറിയായ സ്ലാവ്കോ വിൻസിചിന്. എന്നാൽ ചില്ലറക്കാരനല്ല ഇദ്ദേഹം. മുൻപ് പെൺവാണിഭ സംഘത്തെ പിടികൂടാനായി പൊലീസ് നടത്തിയ റെയ്ഡിൽ അവിചാരിതമായി അകപ്പെട്ടതടക്കമുള്ള ഭൂതകാലത്തിന്റെ കയ്പ്പേറിയ അനുഭവങ്ങൾ പറയാനുണ്ട് വിൻസിചിന്. ഈ വിവാദങ്ങളെ അതിജീവിച്ച് കരിയറിലേക്ക് ശക്തമായി തിരിച്ചുവന്ന റഫറിയാണ് വിൻസിച്.
മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഈ വൻപോരാട്ടത്തിൽ വിൻസിചിനൊപ്പം സ്ലോവേനിയക്കാരായ ടോമാസ് ക്ലാൻക്നിക്കും ആൻഡ്രാസ് കോവാസിചും അസിസ്റ്റന്റ് റഫറിമാരായി പ്രവർത്തിക്കും. ജോർദാന്റെ അദ്ഹാം മഖാദ്മേ ഫോർത്ത് ഒഫീഷ്യലായും, മുഹമ്മദ് അൽഖലാഫ് റിസർവ് അസിസ്റ്റന്റ് റഫറിയായും ചുമതലയേൽക്കും.
2020 മെയ് മാസത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ ബിജെൽജിനയ്ക്ക് സമീപമുള്ള ഒരു ഫാമിൽ പൊലീസ് നടത്തിയ വൻ ഓപ്പറേഷനിൽ കസ്റ്റഡിയിലെടുക്കപ്പെട്ട ആളുകളിൽ വിൻസിചും ഉൾപ്പെട്ടിരുന്നു. ഒരു അന്താരാഷ്ട്ര പെൺവാണിഭ സംഘത്തിന്റെ ഒത്തുചേരൽ കേന്ദ്രമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിച്ച സ്ഥലത്തായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്. അബദ്ധത്തിൽ പൊലീസ് പിടികൂടിയ വിൻസിചിനെതിരെ ഒരു കുറ്റകൃത്യങ്ങളും ചുമത്തിയിരുന്നില്ല. ഒരു ബിസിനസ് ലഞ്ച് ക്ഷണം സ്വീകരിച്ച് അവിടെയെത്തിയ വിൻസിചിന് ഈ മാഫിയാ സംഘവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായതിനെത്തുടർന്ന് സാക്ഷിയായി ചോദ്യം ചെയ്ത ശേഷം പൊലീസ് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.


