മലപ്പുറം: മലപ്പുറം നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും സമഗ്ര വികസനത്തിനായി പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനം. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം എടുത്തത്.
മാസ്റ്റർ പ്ലാനിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ 44 ഏക്കർ ഭൂമി കൂടുതൽ ഫലപ്രദമായി ഉപയോഗിക്കും. കോട്ടപ്പടിയിലെ വിവിധ സർക്കാർ ഓഫീസുകൾ സിവിൽ സ്റ്റേഷനിലേക്ക് മാറ്റാനും, അതിലൂടെ ലഭിക്കുന്ന സ്ഥലം താലൂക്ക് ആശുപത്രി വികസനത്തിനായി ഉപയോഗിക്കാനും തീരുമാനമായി.
സിവിൽ സ്റ്റേഷനിൽ 65 കോടി രൂപ ചെലവിൽ പുതിയ റവന്യൂ ടവർ നിർമ്മിക്കും. ഇതിനായി 7 കോടി രൂപയുടെ പ്രാഥമിക ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കളക്ടറേറ്റിലെ കോൺഫറൻസ് ഹാൾ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കാൻ 1 കോടി രൂപയും അനുവദിക്കും.
മലപ്പുറം നഗരത്തിലെ 19 പ്രധാന റോഡുകൾ നവീകരിക്കാൻ 84 കോടി രൂപ ചെലവിടും. പാലക്കാട്–കോഴിക്കോട് ദേശീയപാത വികസനം, ഗ്രീൻഫീൽഡ് ദേശീയപാത നിർമ്മാണം, പ്രധാന റോഡുകളുടെ വീതി കൂട്ടൽ തുടങ്ങിയ പദ്ധതികളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മക്കരപ്പറമ്പ്, മോങ്ങം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാനും കോട്ടപ്പടി ജംഗ്ഷൻ വികസിപ്പിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കുന്നതും കരിപ്പൂർ എയർപോർട്ട് റോഡിൽ വികസന പദ്ധതി നടപ്പാക്കുന്നതും നമ്പ്രാണി തടയണ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി ആരംഭിക്കുന്നതും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നു.
കൂടാതെ പി.എസ്.സി ഓഫീസ്, ആർ.ടി ഓഫീസ് എന്നിവയ്ക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കാനും മലപ്പുറത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം അവതരിപ്പിക്കുന്ന മ്യൂസിയം സ്ഥാപിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.


