പെരമ്പലൂർ: തമിഴ്നാട്ടിലെ പെരമ്പലൂർ ജില്ലയിൽ ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. ശനിയാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ ആർക്കും പരിക്കേറ്റില്ലെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. ചെന്നൈയിൽ നിന്ന് മധുരയിലേക്ക് പോകുകയായിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത്.
ബസിൽ നിന്ന് പുക ഉയരുന്നതും തീ പടരുന്നതും ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ വാഹനം റോഡരികിലേക്ക് മാറ്റി നിർത്തി. തുടർന്ന് യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തിറക്കിയതോടെ വൻ ദുരന്തമാണ് ഒഴിവായത്.
വിവരമറിഞ്ഞെത്തിയ അഗ്നിശമന സേന തീയണച്ചെങ്കിലും അതിനകം ബസ് പൂർണമായും കത്തിനശിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.











