Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറി, 7000 രൂപ പിഴയിട്ട് റെയിൽവേ; പിടിവീണാൽ ഇനി പോക്കറ്റ് കാലിയാകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരക്കുള്ളപ്പോഴും മറ്റും ട്രെയിനുകളിൽ ടിക്കറ്റെടുക്കാതെ ഓടിക്കയറുന്ന ശീലമുണ്ടോ? അതോ ടിക്കറ്റേ എടുക്കുന്ന ഒരു ശീലമില്ലേ? കുറച്ച് ദൂരമല്ലേ ഉള്ളൂ, പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസമാണോ? എങ്കിൽ സൂക്ഷിച്ചോ, നിങ്ങളുടെ പോക്കറ്റ് എന്ന് വേണമെങ്കിലും കീറാം. റെയിൽവേ യാത്രക്കാർക്കിടയിൽ ടിക്കറ്റില്ലാത്ത യാത്രകളും മറ്റ് നിയമലംഘനങ്ങളും തടയുന്നതിനായി ഇന്ത്യൻ റെയിൽവേ കൂടുതൽ കർശനമായ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. 2026-ലെ ജൻ വിശ്വാസ് നിയമം നിലവിൽ വന്നതോടെ, റെയിൽവേ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് മുൻപത്തെക്കാൾ വലിയ തുകയാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് നിയമത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം നൽകുന്നതിനായി, അടുത്തിടെ കൊല്ലത്തുണ്ടായ ഒരു കോടതി വിധിയും പുതിയ പിഴ നിരക്കുകളും നമുക്ക് നോക്കാം.

ട്രെയിനിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്താൽ കാത്തിരിക്കുന്നത് കനത്ത പിഴയാണ്. കഴിഞ്ഞ ദിവസം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനു പിടിക്കപ്പെട്ട് കോടതിയിൽ ഹാജരാക്കിയ വ്യക്തിക്ക് 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവുശിക്ഷയുമാണ് നേരിടേണ്ടിവന്നത് എന്നറിയുമ്പോൾ തന്നെ ഈ നിയമത്തെ ഇന്ത്യൻ റെയിൽവേ എത്രത്തോളും ​ഗൗരവമായാണ് ഇപ്പോൾ കാണുന്നത് എന്ന് വ്യക്തമാകും. പരിശോധനയ്ക്കിടെ ടിക്കറ്റില്ലെന്നു കണ്ടെത്തിയ വ്യക്തി ജൻ വിശ്വാസ് ആക്ട് പ്രകാരമുള്ള 600 രൂപ പിഴ അടയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നിയമനടപടികൾക്കായി കൊല്ലം ആർപിഎഫ് സ്റ്റേഷനിലേക്കു കൈമാറുകയായിരുന്നു.

തുടർന്ന് ആർപിഎഫ് 1989ലെ റെയിൽവേ ആക്ട് സെക്‌ഷൻ 137, 145(ബി), 146 പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കൊല്ലം സ്‌പെഷൽ ക്ലാസ് റെയിൽവേ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി. കേസ് പരിഗണിച്ച സ്‌പെഷൽ ക്ലാസ് റെയിൽവേ മജിസ്‌ട്രേട്ട് ജസ്റ്റിൻ മാർട്ടിൻ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി 7,000 രൂപ പിഴയും ഒരു ദിവസത്തെ തടവും ശിക്ഷ വിധിക്കുകയായിരുന്നു. ജന വിശ്വാസ് നിയമം നിലവിൽ വന്നതോടെ ടിക്കറ്റില്ലാത്ത യാത്ര ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്കെതിരെ കൂടുതൽ കർശനമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നു റെയിൽവേ ഒരു മുന്നറിയിപ്പ് പോലെ അറിയിക്കുകയാണ്.

പുതിയ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള ഏറ്റവും കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയാക്കി വർധിപ്പിച്ചിരുന്നു. എങ്കിലും ഇതൊന്നും മിക്കവരും ഇപ്പോഴും അറിഞ്ഞിട്ടില്ല. ജനറൽ കോച്ചിൽ പിടിക്കപ്പെട്ടാൽ അടക്കേണ്ട ചുരുങ്ങിയ ദൂരത്തിനുള്ള തുക 320 രൂപയിൽനിന്ന് 570 ആയിട്ടുണ്ട്. സ്ലീപ്പർ കോച്ചിൽ പിഴത്തുക 530 രൂപയിൽനിന്ന് 780 ആയി വർധിച്ചു. 1989ലെ റെയിൽവേ ആക്ടിലെ സെക്ഷൻ 137, 138 പ്രകാരമാണ് ഉയർന്ന പിഴ ബാധകമാകുന്നത്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതും ഉപയോഗിച്ചതോ അസാധുവായതോ അനുചിതമായതോ ആയ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നതും ഈ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു. സാധുവായ ടിക്കറ്റ് ഇല്ലാതെ പിടിക്കപ്പെടുന്ന യാത്രക്കാർ അധിക ചാർജിനൊപ്പം യഥാർഥ യാത്രാനിരക്കും നൽകേണ്ടി വരുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. കുറഞ്ഞ പിഴ 500 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്തവർ റെയിൽവേ ആക്ട് പ്രകാരം കുറ്റക്കാരായി കണ്ടെത്തിയാൽ കോടതി നടപടികളും ആറുമാസം വരെ തടവും നേരിടേണ്ടി വരാം.

മദ്യപിച്ച് ട്രെയിനിൽ കയറി ബഹളമുണ്ടാക്കിയാൽ 1000 രൂപ പിഴയും ആറു മാസം വരെ തടവുശിക്ഷയും ലഭിക്കാം. കോച്ചുകൾക്കുള്ളിൽ പുകവലി പാടില്ല. പുകവലിച്ചാൽ 2000 രൂപയാണ് പിഴ. പിഴയടയ്ക്കാതെ കോടതിയിൽ എത്തിയാൽ 5000 രൂപ വരെ പിഴ ലഭിക്കാം. വനിതകളുടെ കോച്ചിൽ അതിക്രമിച്ചു കയറിയാൽ 2000-5000 രൂപ വരെ പിഴ ചുമത്തും. കോച്ചുകളുടെ മുകളിലും ചവിട്ടുപടിയിലും ഇരുന്നു യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം. 2000 രൂപ പിഴ അടയ്‌ക്കേണ്ടിവരും.

സുരക്ഷിതവും സമാധാനപരവുമായ റെയിൽവേ യാത്രയ്ക്ക് നിയമങ്ങൾ പാലിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ജൻ വിശ്വാസ് നിയമം വഴി പിഴത്തുകകൾ കുത്തനെ കൂട്ടിയത് യാത്രക്കാരെ ബുദ്ധിമുട്ടിക്കാനല്ല, മറിച്ച് റെയിൽവേയിലെ നിയമലംഘനങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാനാണ്. കൃത്യമായ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുക വഴി ഇത്തരം കനത്ത പിഴകളിൽ നിന്നും അനാവശ്യമായ കോടതി നടപടികളിൽ നിന്നും നമുക്ക് ഒഴിവാകാം.

Advertisement
WhiteswanTV Footer