കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ എം.കെ. റാമിന്റെ അറസ്റ്റിൽ ക്രൈംബ്രാഞ്ചിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. അറസ്റ്റിന്റെ കാരണം വ്യക്തമാക്കുന്നതിൽ അന്വേഷണ സംഘം കോടതിയിൽ നൽകിയ രേഖകളിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റാമിനെ വിട്ടയച്ചത്.
കുടകിൽ വെച്ചാണ് ക്രൈംബ്രാഞ്ച് സംഘം എം.കെ. റാമിനെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയെങ്കിലും നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി റാമിനെ വിട്ടയക്കുകയായിരുന്നു. പിന്നീട് വീണ്ടും കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കത്തെ തുടർന്ന് തലശ്ശേരി കോടതി വളപ്പിൽ നാടകീയ രംഗങ്ങൾ ഉണ്ടായി.
റാമിനെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. നിതിൻ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം അന്വേഷണ സംഘത്തിന് മൊഴി നൽകി.
ഒളിവിലായിരുന്ന സമയത്ത് റാം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം. മൂന്ന് പേരുടെ സഹായം ഇയാൾക്ക് ലഭിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവ തള്ളിയിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സുപ്രീംകോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് വൈകുന്നതിനെക്കുറിച്ചും കോടതി പൊലീസിനോട് ചോദിച്ചിരുന്നു.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ 10നാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരിൽ നിന്നുണ്ടായ ജാതി അധിക്ഷേപമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.




