ഇടുക്കി: ഇടുക്കി തൊടുപുഴയിൽ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മദ്യപിച്ചെന്നാരോപിച്ച് തടഞ്ഞുവെച്ച സംഭവത്തിൽ സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ഉൾപ്പെടെ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഉദ്യോഗസ്ഥരുടെ രക്തപരിശോധനയുടെ അന്തിമഫലം ലഭിച്ച ശേഷമാകും അവർക്കെതിരായ നടപടിയിൽ തീരുമാനമെടുക്കുക.
മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനത്തിനിടെയുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അന്യായമായി സംഘംചേരൽ, പൊതുസ്ഥലത്ത് അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവദിവസം ഡ്യൂട്ടിക്കെത്തിയ എസ്.ഐ. റോയി മദ്യപിച്ചിരുന്നുവെന്ന് ആരോപിച്ച് വാഹനം ഉൾപ്പെടെ പരിശോധിക്കുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ടും കേസുണ്ട്.
അതേസമയം, പരാതിക്കാരെ തന്നെ പ്രതികളാക്കിയാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നും യഥാർത്ഥ കുറ്റക്കാർക്കെതിരെ കേസെടുക്കാൻ പൊലീസ് മനഃപൂർവം വൈകുകയാണെന്നുമാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളുടെ ആരോപണം. കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അവർ അറിയിച്ചു.
ഇതിനിടെ, ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക രക്തപരിശോധനാ ഫലത്തിൽ വ്യക്തത ലഭിക്കാത്തതിനാൽ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പൊലീസ് ജീപ്പിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിലും കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തൊടുപുഴ ഡിവൈ.എസ്.പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.


