ബ്യൂണസ് അയേഴ്സ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. ലോകകപ്പ് ഫൈനലിൽ സ്പെയ്നോട് തോറ്റതിന് പിന്നാലെയാണ് 33കാരനായ മാര്‍ട്ടിനസിന്റെ പ്രതികരണം.
2022 ലോകകപ്പ്, 2021, 2024 കോപ്പ അമേരിക്ക കിരീടങ്ങൾ എന്നിവ സ്വന്തമാക്കുന്നതിൽ അർജന്റീനയ്ക്ക് വേണ്ടി നിർണായക പങ്കുവഹിച്ച താരമാണ് മാർട്ടിനസ്. കഴിഞ്ഞ ലോകകപ്പിലും മികച്ച സേവുകളിലൂടെ ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ എമി നിർണായക പങ്ക് വഹിച്ചു.
എന്നാൽ സ്പെയ്നിനെതിരായ ഫൈനലിൽ ഫെറാൻ ടോറസിന്റെ ഒറ്റ ഗോളിൽ കിരീടം നഷ്ടമായതിന് പിന്നാലെ അർജന്റീന ജഴ്സിയിൽ നിന്ന് മാറിനിൽക്കേണ്ട സമയമായേക്കാമെന്ന് മാർട്ടിനസ് വ്യക്തമാക്കി. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
“അർജന്റീന വീണ്ടും ലോകകപ്പ് നേടുമെന്ന് സ്വപ്നം കണ്ടിരുന്നു. ഫൈനലിലെ തോൽവിയുടെ വേദന വാക്കുകളിൽ പറയാനാകില്ല. ഇനി എങ്ങനെ മുന്നോട്ട് പോകണമെന്ന് ചിന്തിക്കേണ്ട സമയമാണ്. മാറിനിൽക്കേണ്ട സമയമാണെങ്കിൽ ആരാധകർ ക്ഷമിക്കണം,” എന്നായിരുന്നു മാര്‍ട്ടിനസിന്റെ പ്രതികരണം.
അർജന്റീനയെയും സഹതാരങ്ങളെയും സഹായിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും മാർട്ടിനസ് പറഞ്ഞു. സ്പെയ്നിനെതിരായ ലോകകപ്പ് ഫൈനലിൽ 11 മാര്‍ട്ടിനെസ് സേവുകളാണ് നടത്തിയത്. ലോകകപ്പ് ഫൈനൽ ചരിത്രത്തിലെ റെക്കോർഡ് പ്രകടനമായിരുന്നു ഇത്.
അർജന്റീനയ്ക്കായി 67 മത്സരങ്ങളിൽ ഗോൾവല കാത്ത മാർട്ടിനസ് 2022 ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കിയിരുന്നു. തുടർച്ചയായ രണ്ട് വർഷം ഫിഫയുടെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരവും താരം നേടി. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയുടെ താരമാണ് എമിലിയാനോ മാർട്ടിനസ്.




