ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിന്റെ 23-ാം പതിപ്പിന് സ്കോട്ട്ലന്റിലെ ഗ്ലാസ്ഗോയിൽ വ്യാഴാഴ്ച തിരശീല ഉയരും. പതിമൂന്ന് ഇനങ്ങളിലായി 125 താരങ്ങളാണ് ഇന്ത്യക്കുവേണ്ടി കളത്തിലിറങ്ങുന്നത്. എന്നാൽ, നിരാശയോടെയാണ് ഇത്തവണ ഇന്ത്യ ഗെയിംസിനിറങ്ങുന്നത്. പി.വി. സിന്ധുവും മനു ഭാകറും ഹർമൻപ്രീത് സിങുമൊന്നും ഇന്ത്യക്കുവേണ്ടി ഇത്തവണ ഇറങ്ങില്ല. ചെലവുചുരുക്കലിന്റെ ഭാഗമായി 19-ൽനിന്ന് പത്തായി കായികയിനങ്ങൾ കുറച്ചതിനാലാണിത്.
കഴിഞ്ഞ അഞ്ച് എഡിഷനുകളിലും ഇന്ത്യ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംനേടിയിട്ടുണ്ട്. 2022-ൽ ബർമിങ്ങാമിൽ വെച്ചുനടന്ന ഗെയിംസിൽ 22 സ്വർണമുൾപ്പെടെ 61 മെഡലുകൾ നേടി ഇന്ത്യ നാലാംസ്ഥാനത്തായിരുന്നു. എന്നാൽ, അന്ന് 61 മെഡലുകളിൽ 30 എണ്ണം നേടിത്തന്ന മത്സരയിനങ്ങൾ ഇത്തവണ ഗെയിംസിനില്ല. ഹോക്കി, ബാഡ്മിന്റൺ, ക്രിക്കറ്റ്, ടേബിൾ ടെന്നീസ്, സ്ക്വാഷ്, ഗുസ്തി, ട്രയാത്ലൺ, ബീച്ച് വോളിബോൾ, റഗ്ബി സെവൻസ് എന്നിവയാണ് ഒഴിവാക്കിയ ഇനങ്ങൾ. ഇതിൽ ആറിനങ്ങളിൽ നിന്നായിരുന്നു ഇന്ത്യയ്ക്ക് കഴിഞ്ഞതവണ ലഭിച്ച പകുതിയോളം മെഡലുകൾ. അത്ലറ്റിക്സ്, നീന്തൽ, വെയ്റ്റ്ലിഫ്റ്റിങ്, ബോക്സിങ്, ജൂഡോ തുടങ്ങി 10 ഇനങ്ങൾ മാത്രമാണ് ഇത്തവണ ഉണ്ടാകുക.











