തിരുവനന്തപുരം: കൊടുംചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ട്.
വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഈ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. നിലവിൽ സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്ന സാഹചര്യത്തിലാണ് മഴ പ്രവചനം ആശ്വാസമാകുന്നത്. വരും ദിവസങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.


