താഷ്കന്റ്: എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് ഫുട്ബോൾ പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കി ഇന്ത്യ. 20 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ യോഗ്യത നേടുന്നത്. താഷ്കന്റിൽ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ ബംഗ്ലാദേശിനെ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് തകർത്താണ് ഇന്ത്യ യോഗ്യത ഉറപ്പിച്ചത്.
ഡാനി മെയ്തെയ് ലൈശ്രാം, വിശാൽ യാദവ്, പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് അർബാഷ് എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. ജയത്തോടെ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് യോഗ്യത ഉറപ്പാക്കിയത്. അടുത്ത വർഷം ചൈനയിലാണ് എഎഫ്സി അണ്ടർ 20 ഏഷ്യൻ കപ്പ് പോരാട്ടം അരങ്ങേറുന്നത്. എട്ട് യോഗ്യതാ ഗ്രൂപ്പുകളിലെ മികച്ച ഏഴ് രണ്ടാം സ്ഥാനക്കാരിൽ ഒരു ടീമായാണ് ഇന്ത്യ യോഗ്യത ഉറപ്പിച്ചത്.












