ന്യൂഡൽഹി: കേരളത്തിൽ ഭരണമാറ്റമുണ്ടായതിന് പിന്നാലെ തന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരും കണ്ണൂർ സർവകലാശാലയും നിലപാട് മാറ്റിയെന്ന് അസോസിയേറ്റ് പ്രൊഫസർ പ്രിയ വർഗീസ്. നേരത്തേ തന്റെ നിയമനത്തെ പൂർണമായി പിന്തുണച്ചിരുന്ന സർക്കാരും സർവകലാശാലയും ഇപ്പോൾ നിലപാട് മാറ്റിയെന്നാണ് പ്രിയ വർഗീസിന്റെ സീനിയർ അഭിഭാഷകൻ കെ. പരമേശ്വർ സുപ്രീംകോടതിയിൽ ആരോപിച്ചത്. ഹൈക്കോടതിയിലും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലും നിയമനത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രിയ വർഗീസിന്റെ നിയമനം ചോദ്യംചെയ്ത് ഹർജി നൽകിയ ജോസഫ് സ്കറിയ നിലവിൽ കാലിക്കറ്റ് സർവകലാശാലയിൽ പ്രൊഫസറാണെന്നും കെ. പരമേശ്വർ ചൂണ്ടിക്കാട്ടി. പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന വ്യക്തി അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തെ ചോദ്യംചെയ്ത് കേസ് നടത്തുന്നതായും അദ്ദേഹം പറഞ്ഞു. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് മാധ്യമവിചാരണ നടന്നുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തന്നെ നിരീക്ഷിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.
അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനത്തിന് ആവശ്യമായ യോഗ്യത പ്രിയ വർഗീസിനുണ്ടെന്നും കെ. പരമേശ്വർ വാദിച്ചു. ഡെപ്യൂട്ടേഷൻ കാലയളവിൽ ഒരു ദിവസംപോലും അവധി എടുത്തിട്ടില്ലെന്നും അധ്യാപന, ഗവേഷണ മേഖലകളിലായി എട്ടുവർഷത്തിലധികം പ്രവർത്തനപരിചയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ കെ. പരമേശ്വരന്റെ വാദം നാളെയും സുപ്രീംകോടതിയിൽ തുടരും.
വി.സി.യും ഡീനും ആകാൻ ആരുവരും?
വൈസ് ചാൻസലറായും ഡീനായും സേവനമനുഷ്ഠിച്ച കാലയളവ് അധ്യാപനപരിചയമായി കണക്കാക്കാനാകില്ലെങ്കിൽ ആ പദവികൾ ഏറ്റെടുക്കാൻ ആരാണ് തയ്യാറാകുകയെന്ന് സുപ്രീംകോടതി ചോദിച്ചു. പ്രിയ വർഗീസ് ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസസ് ആയി പ്രവർത്തിച്ച കാലയളവ് അധ്യാപനപരിചയമായി കണക്കാക്കാനാകുമോ എന്ന വിഷയത്തിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.
ഗവേഷണത്തിനായി ചെലവഴിക്കുന്ന കാലയളവ് അധ്യാപനപരിചയമായി കണക്കാക്കുന്നില്ലെങ്കിൽ അധ്യാപകർ ഗവേഷണത്തിന് പോകാൻ തയ്യാറാകില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
അതേസമയം, അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട് യു.ജി.സി. ചട്ടങ്ങൾ പാലിക്കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് കണ്ണൂർ സർവകലാശാല സുപ്രീംകോടതിയെ അറിയിച്ചു. സർവകലാശാലയ്ക്കുവേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയലും സ്റ്റാൻഡിങ് കോൺസൽ സുൽഫിക്കർ അലിയും ഹാജരായി. യു.ജി.സിക്കുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജൻ ഹാജരായി. ഹർജിക്കാരനായ ജോസഫ് സ്കറിയയ്ക്കുവേണ്ടി സീനിയർ അഭിഭാഷകൻ പി.എൻ. രവീന്ദ്രൻ, അഭിഭാഷകരായ പി.എസ്. സുധീർ, അതുൽ ശങ്കർ വിനോദ് എന്നിവരും ഹാജരായി.


