കൊച്ചി: കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയറ്ററായ ഇവിഎം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം ആരംഭിച്ചു. രജനികാന്ത് നായകനായ ‘ജയിലർ 2’ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയറ്ററിലെ സിനിമാ പ്രദർശനങ്ങൾക്ക് തുടക്കമായത്. കൊച്ചി ചുള്ളിക്കലിൽ ഒരാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത തിയറ്റർ സമുച്ചയം അത്യാധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യയിലൂടെ പ്രേക്ഷകർക്ക് വേറിട്ട സിനിമാനുഭവം സമ്മാനിക്കുകയാണ്.
450 സീറ്റുകളുള്ള ഡോൾബി സിനിമാസ് സ്ക്രീനും 150 സീറ്റുകളുള്ള ഡോൾബി തിയറ്ററുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരുകാലത്ത് കൊച്ചി സൂയി എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിയറ്റർ പ്രമുഖ തിയറ്റർ ഗ്രൂപ്പായ ഇവിഎം സിനിമാസ് ഏറ്റെടുത്ത് നവീകരിച്ചാണ് പുതിയ രൂപത്തിൽ അവതരിപ്പിച്ചത്.
വൻ നിക്ഷേപത്തോടെ ഇവിഎം സിനിമാസിനായി ഡോൾബി ലബോറട്ടറീസ് ഒരുക്കിയ സംവിധാനങ്ങൾ സിനിമാപ്രേമികൾക്ക് പുതിയ ദൃശ്യ-ശ്രാവ്യ അനുഭവം നൽകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ അഞ്ചാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ ഡോൾബി സിനിമാസ് തിയറ്ററാണിത്.
ചുവരുകൾ മുതൽ സീലിങ് വരെ വ്യാപിച്ചുകിടക്കുന്ന വലിയ സ്ക്രീൻ, കൃത്യമായി ക്രമീകരിച്ച ശബ്ദസംവിധാനം, കാഴ്ചയ്ക്ക് തടസ്സമുണ്ടാകാത്ത രീതിയിലുള്ള സീറ്റുകളുടെ ക്രമീകരണം എന്നിവയാണ് ഡോൾബി സിനിമാസിന്റെ പ്രധാന സവിശേഷതകൾ. ചിത്രത്തിലെ ദൃശ്യങ്ങളും ശബ്ദവും കൂടുതൽ മികവോടെ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് തിയറ്റർ സജ്ജീകരിച്ചിരിക്കുന്നത്.
പുതിയ തിയറ്റർ സമുച്ചയത്തെ കൊച്ചിയിലെ സിനിമാപ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. തിയറ്ററിലെ പ്രദർശനങ്ങൾക്കുള്ള ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി ലഭ്യമാകും. വരും ദിവസങ്ങളിൽ പ്രത്യേക ഓഫറുകളും സ്പെഷ്യൽ ഷോകളും സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
അത്യാധുനിക സിനിമാ സാങ്കേതികവിദ്യ കേരളത്തിലേക്ക് എത്തുന്നതോടെ കൊച്ചിയുടെ സിനിമാ പ്രദർശന മേഖലയിൽ പുതിയ അധ്യായത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തൽ.


