കോഴിക്കോട്: ഓപ്പറേഷൻ തെളിമയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തൃശ്ശൂർ, കൊല്ലം ജില്ലകളിലാണ് പരിശോധന ശക്തമാക്കിയത്. മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. കോഴിക്കോട് ജില്ലയിൽ മാത്രം നിലവാരമില്ലാത്തതും ആവർത്തിച്ച് ഉപയോഗിച്ചതുമായ 440 ലിറ്റർ ഭക്ഷ്യ എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു.
എണ്ണക്കടികൾ വൻതോതിൽ നിർമിച്ച് റീട്ടെയിൽ കടകളിലേക്കും ഹോട്ടലുകളിലേക്കും വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. കോഴിക്കോട് ജില്ലയിൽ പുലർച്ചെ ആരംഭിച്ച പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്ത ആയിരത്തോളം എണ്ണക്കടികളും നശിപ്പിച്ചു. ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം പരിശോധിക്കാൻ മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായവും തേടി.
ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
മലപ്പുറത്ത് എണ്ണക്കടി നിർമാണ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് ലിറ്റർ പഴകിയ ഭക്ഷ്യ എണ്ണ പിടിച്ചെടുത്തു. ഒരു സ്ഥാപനം അടച്ചുപൂട്ടുകയും മൂന്ന് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
പാലക്കാട് നഗരത്തിൽ നാല് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിലവാരമില്ലാത്ത 120 ലിറ്റർ ഭക്ഷ്യ എണ്ണ കണ്ടെത്തി. സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഉണ്ടായിരുന്നില്ല. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനങ്ങൾക്കെതിരെ പിഴയുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു.
തൃശ്ശൂരിലും എറണാകുളത്തും നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. എറണാകുളത്ത് സമൂസ നിർമാണത്തിനായി എത്തിച്ച 30 ചീത്തയായ ക്യാരറ്റുകളും ഉദ്യോഗസ്ഥർ നശിപ്പിച്ചു.
കൊല്ലത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് സ്ഥാപനങ്ങൾ കൂടി അടച്ചുപൂട്ടി.
ഭക്ഷ്യവസ്തുക്കളുടെ നിർമാണം, സംഭരണം, വിതരണം എന്നിവയിൽ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും വകുപ്പ് വ്യക്തമാക്കി.


