ഇടുക്കി: മുൻ എംഎൽഎയും ഇടുക്കി ഡിസിസി മുൻ പ്രസിഡന്റുമായ ജോസ് കുറ്റിയാനി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ദീർഘകാലം എഐസിസി അംഗമായും കെപിസിസി നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോസ് കുറ്റിയാനി നിയമസഭാ പെറ്റിഷൻ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഇടക്കാലത്ത് അച്ചടക്ക നടപടിയെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്തുപോയ അദ്ദേഹം 2022ൽ പാർട്ടിയിൽ തിരിച്ചെത്തി.
ഇടുക്കി ജില്ല രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു ജോസ് കുറ്റിയാനി. ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് മുമ്പ് ഹൈക്കോടതി അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2009ൽ എൻസിപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിച്ചു. പിന്നീട് തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.













